പാലക്കാട്: പട്ടാമ്പി കറുകപുത്തൂരിൽ പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് വിവരം. ഈ സംഘം കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ കെണിയിൽ വീഴ്ത്തിയതായും സൂചനയുണ്ട്.

പീഡനത്തിനിരയായ കറുകപുത്തൂർ സ്വദേശിനിയായ പെൺകുട്ടിയുടെ മൊഴിയിൽനിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. തന്റെ കൂട്ടുകാരികളായ രണ്ടുപേരെ കൂടി ഈ സംഘം സമാനരീതിയിൽ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. ഇവരെയും മയക്കുമരുന്ന് നൽകി കെണിയിലാക്കി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് സംശയം.

കറുകപുത്തൂർ സ്വദേശിനിയെ പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സംഘം പീഡിപ്പിച്ചിരുന്നു. പത്തോളം പേർ ഈ ലോഡ്ജ് മുറിയിൽ ഒത്തുകൂടുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തെന്നാണ് വിവരം. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും മറ്റും പെൺകുട്ടിയുടെ ഫോണിൽനിന്ന് ലഭിച്ചിട്ടുണ്ട്.

നിലവിൽ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടി പ്ലസ് വണിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി പീഡനത്തിനിരയായത്. ഈ സമയം പട്ടാമ്പിയിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽവെച്ച് പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് മയക്കുമരുന്നിന് അടിമയാക്കിയും പീഡനം തുടർന്നു. ഉപദ്രവത്തെ തുടർന്ന് പെൺകുട്ടി പ്ലസ്ടു പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിനുശേഷം മറ്റുചില യുവാക്കളും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിലവിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഷൊർണൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. പെൺകുട്ടിയുടെ കാമുകൻ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഏറെ ഗൗരവമേറിയ സംഭവമായതിനാൽ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

Content Highlights:palakkad girl drugged and raped by a gang reveals more details