മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ കാട്ടാന വായ്ക്കകത്ത് പടക്കം പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിലെ പ്രധാനപ്രതികളിലൊരാള്‍ കീഴടങ്ങി. കേസിലെ രണ്ടാംപ്രതി റിയാസുദീന്‍ (മാനു-38) ആണ് മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങിയത്. ഒന്നരവര്‍ഷമായി വനംവകുപ്പിനെയും പോലീസിനെയും വെട്ടിച്ച് റിയാസുദീനും കേസിലെ ഒന്നാംപ്രതിയായ ഇദ്ദേഹത്തിന്റെ പിതാവ് അബ്ദുള്‍കരീമും ഒളിവില്‍ക്കഴിയുകയായിരുന്നു. അബ്ദുള്‍കരീം ഇപ്പോഴും ഒളിവിലാണ്.

2020 മേയ് 27-നാണ് വായില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത്. അമ്പലപ്പാറയിലെ തോട്ടമുടമകളായ റിയാസുദീന്‍, പിതാവ് അബ്ദുള്‍കരീം എന്നിവര്‍ തോട്ടത്തില്‍ തയ്യാറാക്കിയിട്ട പടക്കംകടിച്ചാണ് ആനയ്ക്ക് ഗുരുതര പൊള്ളലേറ്റതെന്നാണ് കേസ്. പിടിയിലായ മൂന്നാംപ്രതിയും ഇവരുടെ തോട്ടത്തിലെ തൊഴിലാളിയുമായ വില്‍സണ്‍ ഇക്കാര്യം അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു.

മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരായ റിയാസുദീനെ ഒക്ടോബര്‍ 30വരെ ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി. സ്ഫോടകവസ്തുക്കള്‍ കൈവശംവെച്ചതിനും ദുരുപയോഗംചെയ്തതിനും പോലീസെടുത്ത കേസും വന്യമൃഗത്തെ ഉപദ്രവിച്ചതിന് വനംവകുപ്പിന്റെ കേസുമാണ് ഇയാള്‍ക്കെതിരെയുള്ളത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. റിയാസുദീന്റെ ജാമ്യാപേക്ഷ 20-ന് പരിഗണിക്കും.