പാലക്കാട്: വിവരാവകാശനിയമ പ്രകാരം വിവരങ്ങൾ തേടിയതിന് ഡി.വൈ.എഫ്.ഐ. നേതാവിന്റെ കൊലവിളി. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡി.വൈ.എഫ്.ഐ. പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ ബിജുവാണ് ഫോണിലൂടെ ഭീഷണിമുഴക്കിയത്.

എലപ്പുള്ളി പഞ്ചായത്തിൽ ബിജുവിന്റെ സഹോദരനായ വിനോദ് അടക്കം മൂന്ന് പേർക്ക് പൊതുമരാമത്ത് കരാർ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ വിവരാവകാശനിയമപ്രകാരം തേടിയതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ. നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

കാൽ വെട്ടുമെന്നും 200 ഡി.വൈ.എഫ്.ഐ. യൂണിറ്റ് തനിക്കൊപ്പമുണ്ടെന്നും നിന്നെ തീർക്കാൻ അര മണിക്കൂർ മതിയെന്നുമായിരുന്നു ബിജുവിന്റെ കൊലവിളി. കേട്ടാലറയ്ക്കുന്ന തെറിവിളികളും ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഫോൺ സംഭാഷണത്തിലുണ്ട്. സഹോദരന്റെ പൊതുമരാമത്ത് കരാറുകളെക്കുറിച്ച് വിവരങ്ങൾ തേടിയതാണ് നേതാവിനെ ചൊടിപ്പിച്ചത്.

ഫോൺ സംഭാഷണത്തെക്കുറിച്ച് പിന്നീട് ബിജുവിന്റെ പ്രതികരണം തേടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അതേസമയം, ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭീഷണിയെ തള്ളിപ്പറഞ്ഞ് സി.പി.എം. പ്രാദേശിക നേതൃത്വം രംഗത്തെത്തി. ഒരു പൊതുപ്രവർത്തകനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സംഭാഷണമാണ് ബിജുവിൽനിന്നുണ്ടായതെന്ന് സി.പി.എം. പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ബോസ് പ്രതികരിച്ചു.

Content Highlights:palakkad dyfi leader threat against rti applicant