പാലക്കാട്: മരിച്ചുവെന്ന് ഉറപ്പാക്കുംവരെ ശരീരത്തില്‍ വെട്ടി. ചോരപുരണ്ട വസ്ത്രങ്ങളും ആയുധങ്ങളും മാറ്റിവെച്ച് കുളിച്ച് വൃത്തിയായി. അച്ഛനമ്മമാരുടെ മൃതദേഹങ്ങള്‍ക്ക് അരികിലിരുന്ന് ആപ്പിള്‍ കഴിച്ചു. തുടര്‍ന്ന്, പിന്‍വാതില്‍വഴി പുറത്തേക്ക്... റെയില്‍വേ കോളനിക്കടുത്ത് ഓട്ടൂര്‍ക്കാടില്‍ ദമ്പതിമാരെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ മകന്‍ സനല്‍ ചെയ്ത കാര്യങ്ങള്‍ ഓരോന്നായി പോലീസിനോട് വിശദീകരിച്ചു. ബുധനാഴ്ച സനലിനെ ഓട്ടൂര്‍ക്കാടിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴായിരുന്നു പ്രതിയുടെ കുറ്റബോധം ഒട്ടുമില്ലാതെയുള്ള തുറന്നുപറച്ചില്‍.

രാവിലെ എട്ടരയോടെയാണ് സനലിനെ പ്രതീക്ഷാനഗറിലുള്ള 'മയൂരത്തില്‍'തെളിവെടുപ്പിനായി എത്തിച്ചത്. സനലിനെ കാണാന്‍ വീടിനുമുന്നില്‍ നാട്ടുകാരും ബന്ധുക്കളും തിങ്ങിക്കൂടിയിരുന്നു. വീട്ടിനകത്തേക്ക് കയറിയ സനല്‍ അമ്മ ദൈവാനയെ കൊന്നതായിരുന്നു ആദ്യം വിശദീകരിച്ചത്. അമ്മയുമായി കുറച്ചുദിവസമായി തര്‍ക്കത്തിലായിരുന്നുവെന്ന് സനല്‍ പോലീസിനോട് പറഞ്ഞു. രാത്രി ഒമ്പതുമണിയോടുകൂടിയാണ് കൊലപാതകം നടത്തിയത്.

സോഫയില്‍ ഇരിക്കുകയായിരുന്ന അമ്മ വെള്ളം ചോദിച്ചപ്പോള്‍ പ്രശ്‌നമുണ്ടാവുകയും ഈ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന കൊടുവാളും അരിവാളുമെടുത്ത് അമ്മയെ വെട്ടുകയായിരുന്നുവെന്നും സനല്‍ പറഞ്ഞു. ആദ്യവെട്ടിനുതന്നെ അമ്മ നിലത്തുവീണു. കൈകൊണ്ട് തടയുന്നതിനിടെ വീണ്ടും തുരുതുരെ വെട്ടി. മുറിയിലുണ്ടായിരുന്ന കീടനാശിനി സിറിഞ്ചിലാക്കി കുത്താന്‍ ശ്രമിച്ചെങ്കിലും നിലത്ത് തളംകെട്ടിയ ചോരയില്‍ കാല്‍വഴുതിവീണു. സിറിഞ്ചിന് കേടുപാടുണ്ടായതിനാല്‍, കീടനാശിനി മുഖത്തേക്കും വായിലേക്കും ഒഴിച്ചു.

കിടപ്പിലായിരുന്ന അച്ഛന്‍ ചന്ദ്രന്‍ മുറിയില്‍നിന്ന് ശബ്ദമുണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെയും ഇതേ ദേഷ്യത്തോടെ പോയി വെട്ടി. അച്ഛന്റെ മുഖത്തും മുറിവുകളിലും കീടനാശിനി തളിച്ചു. ഇരുവരും മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് അച്ഛന്റെ മുറിയില്‍നിന്ന് കുളിച്ച് വൃത്തിയായത്. ഫ്രിഡ്ജിലുണ്ടായിരുന്ന ആപ്പിള്‍ എടുത്ത് തിന്നശേഷം, ബെംഗളൂരുവിലേക്ക് പോവുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. സംഭവശേഷം ബെംഗളൂരുവിലേക്ക് കടന്നിരുന്ന പ്രതിയെ സഹോദരന്റെ സഹായത്തോടെ ചൊവ്വാഴ്ചയാണ് പോലീസ് പിടികൂടിയത്. പാലക്കാട് മൂന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പുസ്തകങ്ങള്‍ക്കിടയില്‍ ആയുധങ്ങള്‍; വസ്ത്രങ്ങള്‍ വിറകിനടിയില്‍

അച്ഛനന്മമാരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കൊടുവാളും അരിവാളും സനല്‍ ഒളിപ്പിച്ചത് വീടിനുപിന്നിലെ വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ക്കടിയില്‍. ചോരക്കറയോടുകൂടിയ കൊടുവാളും അരിവാളും സനല്‍ പോലീസിന് കാണിച്ചുകൊടുത്തു. അമ്മയെ വെട്ടാനുപയോഗിച്ച വാളില്‍ അമ്മയുടെ മുടി പറ്റിപ്പിടിച്ചിരുന്നെങ്കിലും, സനലിന്റെ മുഖത്ത് തെല്ലും ഭാവവ്യത്യാസമുണ്ടായിരുന്നില്ല.

കൊല നടന്നസമയത്ത് സനല്‍ ഉപയോഗിച്ചിരുന്ന ടീഷര്‍ട്ടും ലുങ്കിയും തെളിവെടുപ്പില്‍ കണ്ടെത്തി.

'നോര്‍മല്‍ ഈസ് ബോറിങ്' എന്നെഴുത്തുള്ള ടീഷര്‍ട്ടായിരുന്നു ഇത്. അടുക്കളയോടുചേര്‍ന്ന് വിറകിനടിയിലായിരുന്നു രക്തം പുരണ്ട വസ്ത്രങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കീടനാശിനിയുടെ കുപ്പി കുളിമുറിയുടെ സണ്‍ ഷേഡില്‍നിന്നാണ് കണ്ടെത്തിയത്. ആയുധത്തില്‍നിന്ന് കണ്ടെത്തിയ മുടിയും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്ന് പോലീസ് പറഞ്ഞു.

Content Highlights : Palakkad Couple Murder