പാലക്കാട്: റെയില്‍വേ കോളനിക്കടുത്ത് ഓട്ടൂര്‍ക്കാടില്‍ റിട്ട. ആര്‍.എം.എസ്. ജീവനക്കാരനെയും ഭാര്യയെയും വീട്ടിനകത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ദമ്പതിമാരുടെ മകന്‍ സനലാണ് (29) പിടിയിലായത്.

സംഭവശേഷം മൈസൂരിലേക്ക് ഒളിവില്‍ പോയിരുന്ന പ്രതിയെ സഹോദരന്‍ വിളിച്ചുവരുത്തി, നാട്ടുകാരുടെ സഹായത്തോടെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.

കൊലപാതകം നടത്തിയത് താനാണെന്ന് സനല്‍ സമ്മതിച്ചെന്നും എന്നാല്‍, കൊലയ്ക്കുള്ള കാരണം സനല്‍ പൂര്‍ണമായി വ്യക്തമാക്കിയിട്ടില്ലെന്നും എസ്.പി. ആര്‍. വിശ്വനാഥ് പറഞ്ഞു.

പുതുപ്പരിയാരം ഓട്ടൂര്‍ക്കാട് പ്രതീക്ഷാ നഗറില്‍ ചന്ദ്രന്‍ (64), ഭാര്യ ദൈവാന (ദേവി-52) എന്നിവരെയാണ് തിങ്കളാഴ്ച വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്.

കൊലപാതകം നടന്ന ഞായറാഴ്ച രാത്രിമുതല്‍ സനലിനെ വീട്ടില്‍നിന്ന് കാണാതായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ബെംഗളൂരുവിലെത്തിയതായി പോലീസിന് വിവരം കിട്ടി. ഒരുസംഘം അവിടേക്ക് തിരിച്ചെങ്കിലും, പോലീസിന്റെ നിര്‍ദേശാനുസരണം ഇളയ സഹോദരന്‍ സുനില്‍ മൊബൈലില്‍ സനലിനെ ബന്ധപ്പെട്ടു. തന്നെ സംശയമില്ലെന്ന് തോന്നിയ സനല്‍, ചൊവ്വാഴ്ച രാവിലെ തീവണ്ടിമാര്‍ഗം പാലക്കാട്ടേക്ക് തിരിച്ചെത്തുകയായിരുന്നു.

ഒലവക്കോട് റെയില്‍വേസ്റ്റേഷനില്‍നിന്ന് ഓട്ടോറിക്ഷയിലാണ് രാവിലെ ഏഴുമണിയോടെ സനല്‍ വീട്ടിലെത്തിയത്. 

അമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നാണ് സനല്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സ്വീകരണമുറിയില്‍ സോഫയില്‍ വിശ്രമിക്കുകയായിരുന്ന അമ്മ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കയര്‍ത്തുസംസാരിച്ച സനല്‍, വീടിന്റെ പിറകുവശത്തേക്ക് പോയി ഇരുകൈകളിലും കൊടുവാളും അരിവാളുമായെത്തി അമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ശബ്ദം കേട്ട് ഇടുപ്പിന് പരിക്കേറ്റ് കിടപ്പിലായിരുന്ന അച്ഛന്‍ ചന്ദ്രന്‍ കാര്യം തിരക്കിയതിന് പിറകെ, മുറിയിലേക്ക് കയറിച്ചെന്ന സനല്‍ കട്ടിലില്‍ കിടക്കുന്ന അച്ഛനെയും കൊടുവാളുകൊണ്ട് വെട്ടുകയായിരുന്നു. മരണം ഉറപ്പിക്കാനായി അമ്മയുടെ മുഖത്തും തലയിലും തുരുതുരെ വെട്ടിയ പ്രതി, കഴുത്തറുക്കുകയും ചെയ്തു. കീടനാശിനി കഴുത്തിലെ മുറിവിലൂടെ ഒഴിച്ചു. അച്ഛന്റെ മുഖത്തെ മുറിവുകളിലും കീടനാശിനി ഒഴിച്ചു.

അമ്മയുടെ ശരീരത്തില്‍ സിറിഞ്ചുപയോഗിച്ച് കീടനാശിനി കുത്തിവെയ്ക്കാനും ശ്രമിച്ചിട്ടുണ്ട്. ശേഷം അച്ഛന്‍ കിടന്ന മുറിയില്‍നിന്ന് കുളി കഴിഞ്ഞ പ്രതി, കൈയിലുള്ള പണവുമായി പിറകുവശത്തെ വാതിലിലൂടെ വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സനല്‍ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. മാതാപിതാക്കളെ വെട്ടിക്കൊന്നത് സമ്മതിച്ചിട്ടുണ്ടെങ്കിലും കാരണം സംബന്ധിച്ച് വ്യക്തതയില്ലാത്തവിധം പലകാര്യങ്ങളാണ് സനല്‍ പറയുന്നത്.

പ്രതിയെ വിശദമായി ചോദ്യംചെയ്ത് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട ദൈവാനയുടെ ശരീരത്തില്‍ 33 മുറിവുകളും ചന്ദ്രന്റെ ശരീരത്തില്‍ 29 മുറിവുകളുമാണുള്ളത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഓട്ടൂര്‍കാട്ടിലെ വീട്ടിലെത്തിച്ചശേഷം ചന്ദ്രനഗര്‍ വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിച്ചു.

ആലത്തൂര്‍ ഡിവൈ.എസ്.പി. ദേവസ്യ, മലമ്പുഴ ഇന്‍സ്‌പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന്‍, ടൗണ്‍ നോര്‍ത്ത് എസ്.ഐ. സി.കെ. രാജേഷ്, ഗ്രേഡ് എസ്.ഐ.മാരായ സി.ഡി. ഡെന്നി, കെ. ശിവചന്ദ്രന്‍, എസ്.സി.പി.ഒ. എം. പ്രശോഭ്, ഡബ്ല്യു.എസ്.പി.ഒ. രേണുകാദേവി, സി.പി.ഒ. സി.എന്‍. ബിജു, നെന്മാറ സി.ഐ. ദീപകുമാര്‍, ജി.എ.എസ്.ഐ. ജലീല്‍, സി.പി.ഒ.മാരായ സൂരജ്, കൈലാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനുണ്ടായിരുന്നത്.

സീന്‍ ഒന്ന്, സീന്‍ രണ്ട്... തിരക്കഥയെഴുതി കുറ്റസമ്മതം

പാലക്കാട്: ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് പിടിയിലായ സനലിന്റെ മുഖത്ത് ഭയമോ മറ്റ് ഭാവമാറ്റങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കൊലപാതകദിവസം നടന്ന കാര്യങ്ങള്‍ പേപ്പറില്‍ എഴുതി വിശദീകരിക്കാന്‍ ആവശ്യപ്പെട്ട പോലീസിനുമുന്നില്‍ സനല്‍ സംഭവത്തിന്റെ തിരക്കഥയായിരുന്നു എഴുതിനല്‍കിയത്. സീന്‍-1, സീന്‍-2 എന്നിങ്ങനെ രാവിലെമുതല്‍ നടന്ന കാര്യങ്ങള്‍ ഓരോന്നായി എഴുതുകയായിരുന്നു. ഈ സമയമത്രയും പോലീസിന്റെ ക്ഷമ പരീക്ഷിക്കയായിരുന്നു സനലിന്റെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

കൊലപാതക കാരണം ഒരോതവണ അന്വേഷിക്കുമ്പോഴും വഴുതിമാറുകയായിരുന്നു സനലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയശേഷവും ഭാവവ്യത്യാസമില്ലാതെയായിരുന്നു സനലിന്റെ നില്‍പ്പും നടപ്പും.

ക്രിയകള്‍ ചെയ്യണം, സഹോദരനെക്കൊണ്ട് വിളിച്ചുവരുത്തിച്ച് പോലീസ്... 

പാലക്കാട്: മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം ബെംഗളൂരു ലക്ഷ്യമാക്കി കടന്ന സനലിനെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. സഹോദരന്‍ സുനിലിനെക്കൊണ്ട് ഫോണിലൂടെ സനലിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ മോഷണം നടന്നെന്നും മോഷണശ്രമത്തിനിടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടെന്നുമായിരുന്നു സുനില്‍ അറിയിച്ചത്. ആരാണ് മോഷണം നടത്തിയതെന്ന് അറിഞ്ഞിട്ടില്ല. മാതാപിതാക്കളുടെ സംസ്‌കാരച്ചടങ്ങുകളും ക്രിയകളും നടത്തേണ്ടതിനാല്‍, എത്രയും വേഗം വീട്ടിലെത്തണമെന്നും സുനില്‍ ആവശ്യപ്പെട്ടു.

മോഷണശ്രമത്തിനിടെ കൊല നടന്നെന്നാണ് വീട്ടുകാര്‍ കരുതിയിരിക്കുന്നതെന്ന് വിശ്വസിച്ച സനല്‍, സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തിയോയെന്ന് ചോദിച്ചു. പോലീസ് വന്നിരുന്നെന്ന് പറഞ്ഞപ്പോള്‍ മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം.

ഇല്ലെന്ന് സഹോദരന്‍ അറിയിച്ചതോടെയാണ് മൈസൂരുവില്‍നിന്ന് വീട്ടിലേക്ക് വരാന്‍ സനല്‍ തീരുമാനിച്ചത്. തീവണ്ടികയറി വീട്ടിലെത്തിയ സനല്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് മടങ്ങാനിരുന്നതായിരുന്നു.

ഇതുകണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. അടുത്തുള്ള മുരളി ജങ്ഷനിലേക്ക് വരാന്‍ സഹോദരന്‍ പറഞ്ഞു. തുടര്‍ന്ന്, ഇവിടെനിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

Content Highlights : Palakkad Couple Murder