ചിറ്റൂര്‍(പാലക്കാട്): ചിറ്റൂരില്‍ പതിനഞ്ചുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. നടത്തുമെന്ന് പോലീസ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ടിത്താവളം അത്തിമണി ആഷ മന്‍സിലില്‍ എസ്. ആസാദിനെ (25) ചിറ്റൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റിമാന്‍ഡിലായ ആസാദ് ഇലക്ട്രീഷ്യനാണ്.

ചൊവ്വാഴ്ചരാവിലെ 10 മണിയോടെയാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുറത്തുപോയ അച്ഛന്‍ തിരികെ വന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന്, പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ പരാമര്‍ശമുള്ള ആസാദിനെ ഉച്ചയോടെ ചിറ്റൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.