ആലത്തൂര്‍: രണ്ടരമാസംമുമ്പ് കാണാതായ മകളെ കണ്ടെത്താനുള്ള അന്വേഷണം ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയില്‍ സൂര്യ കൃഷ്ണയുടെ കുടുംബം. ആലത്തൂരില്‍നിന്ന് കാണാതായ നാലംഗ വിദ്യാര്‍ഥിസംഘത്തെ പോലീസിന്റെ ഫലപ്രദമായ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ഇവര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30-ന് രാവിലെ 11.15-ഓടെയായിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് സൂര്യ കൃഷ്ണ വീടുവിട്ടത്. ഗോവയിലും മുംബെയിലും എത്തിയതായി പോലീസിന് വിവരം കിട്ടിയിരുന്നു. അന്വേഷണസംഘം ഇവിടെ എത്തിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പോലീസ് നീക്കം മണത്തറിഞ്ഞ പെണ്‍കുട്ടി മറ്റെവിടേക്കോ പോയെന്നാണ് പോലീസ് കരുതുന്നത്.

മെഡിക്കല്‍ പ്രവേശനപ്പരീക്ഷ പരിശീലനത്തിന് പഠിച്ച സ്ഥാപനത്തിലെ സഹപാഠികള്‍, താമസസ്ഥലത്ത് മുറിയില്‍ ഒന്നിച്ചുകഴിഞ്ഞ സുഹൃത്തുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ച് തെക്കന്‍ കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചില സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. സ്വന്തമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും എടുക്കാതെ രണ്ടുജോഡി വസ്ത്രം മാത്രമായി ഒരു പെണ്‍കുട്ടി യാതൊരുസൂചനകളും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായത് അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സുഹൃത്തുക്കളോടും അയല്‍വാസികളോടും ബന്ധുക്കളോടും നിശ്ചിത അകലം പാലിക്കുന്ന പ്രകൃതമായിരുന്നു.

Read Also: ആ ഒരു സിസിടിവി മാത്രം, എന്തിന് ആ വഴി തിരഞ്ഞെടുത്തു.....

ആലത്തൂരിലെ ബുക് സ്റ്റാളിലേക്ക് വരികയാണ്, അച്ഛന്‍ അവിടേയ്ക്ക് വരണമെന്നുപറഞ്ഞാണ് സൂര്യ കൃഷ്ണ വീട്ടില്‍നിന്നിറങ്ങിയത്. ആലത്തൂരിലെ ഹാര്‍ഡ്വെയര്‍ കടയിലെ ജീവനക്കാരനായ അച്ഛന്‍ രാധാകൃഷ്ണന്‍ ബുക് സ്റ്റാളില്‍ ഏറെ നേരം കാത്തിരുന്നിട്ടും മകള്‍ എത്തിയില്ല.

പത്തിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സൂര്യ കൃഷ്ണ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയെങ്കിലും പ്രവേശനം കിട്ടിയില്ല. പാലക്കാട് മെഴ്സി കോളേജില്‍ ബിരുദവിദ്യാര്‍ഥിയാണ് ഇപ്പോള്‍.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എ. ദേവസ്യ, ഇന്‍സ്പെക്ടര്‍മാരായ റിയാസ് ചാക്കീരി, എം.ആര്‍. അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ ഏഴംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന യുവജന കമ്മിഷന്‍ അംഗം ടി. മഹേഷ് ഇടപെടുകയും അന്വേഷണപുരോഗതി വിലയിരുത്തുകയും ചെയ്യുന്നുണ്ട്.