സോൾ: പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥർ ദക്ഷിണ കൊറിയയിൽ മോഷണം നടത്തിയതായി പരാതി. ദക്ഷിണ കൊറിയയിലെ പാകിസ്താൻ എംബസി ഉദ്യോഗസ്ഥരാണ് സോളിലെ ഒരു വ്യാപാരസ്ഥാപനത്തിൽനിന്ന് ചോക്ലേറ്റുകളും തൊപ്പിയും മോഷ്ടിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ പരാതി നൽകിയതോടെയാണ് മോഷ്ടാക്കൾ പാക് നയതന്ത്ര ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയതെന്ന് ദി കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു.

വ്യത്യസ്ത ദിവസങ്ങളിലായാണ് രണ്ട് ഉദ്യോഗസ്ഥരും മോഷണം നടത്തിയത്. ജനുവരി 10-ന് ഒരാൾ 1900 വോൺ വിലയുള്ള (ഏകദേശം 127 രൂപ) ചോക്ലേറ്റുകളും ഫെബ്രുവരി 23-ന് മറ്റൊരാൾ 11,000 വോൺ വിലയുള്ള (ഏകദേശം 739 രൂപ) തൊപ്പിയുമാണ് അടിച്ചുമാറ്റിയത്. തൊപ്പി മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജീവനക്കാരൻ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് സംഘം സ്ഥാപനത്തിലെ സിസിടിവി വിശദമായി പരിശോധിച്ചതോടെ രണ്ട് മോഷണങ്ങളും കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ഇരുവരും പാക് നയതന്ത്ര ഉദ്യോഗസ്ഥരാണെന്നും കണ്ടെത്തി.

അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാൽ തൊപ്പി മോഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ കേസെടുത്തില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നയതന്ത്ര പരിരക്ഷയുണ്ടെങ്കിലും രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരേ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

Content Highlights:pakistani diplomat officers caught in south korea for stealing chocolates and hat