ലാഹോര്‍:  പാക് വനിതാ എം.എല്‍.എ.യുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എഫ്.ഐ.എ)യും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ ലാഹോറില്‍നിന്ന് പിടികൂടിയത്. എന്നാല്‍ ഇയാളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. 

ഒക്ടോബര്‍ 26-നാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ തക്‌സിലയിലെ എം.എല്‍.എയും പി.എം.എല്‍.എന്‍. നേതാവുമായ സാനിയ ആഷിഖ് തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരേ പരാതി നല്‍കിയത്. തന്റേതെന്ന പേരില്‍ ഒരു അശ്ലീലവീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നായിരുന്നു സാനിയയുടെ പരാതി. അശ്ലീല വീഡിയോയിലുള്ളത് താനല്ലെന്നും ദിവസങ്ങളായി ഈ വ്യാജവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും കര്‍ശന നടപടി വേണമെന്നുമായിരുന്നു എം.എല്‍.എയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സാനിയ പരാതി നല്‍കി. തുടര്‍ന്നാണ് എഫ്.ഐ.എയും പോലീസും അന്വേഷണം നടത്തി ഒരാളെ പിടികൂടിയത്. 

ഏകദേശം മൂന്നാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണോ അല്ലയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, അശ്ലീല വീഡിയോ പ്രചരിച്ചതിന് പിന്നാലെ സാനിയ ആഷിഖിന് ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlights: pak woman mla sania ashiq given complaint about obscene video one arrested