കൂത്തുപറമ്പ്: കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ സമാധാനത്തിന്റെ പ്രതീകങ്ങളായ ശ്രീബുദ്ധനും വെള്ളരിപ്രാവുകളുമാകും ഇനി കുറ്റവാളികളെ സ്വീകരിക്കുക. കുറ്റവാളികളുടെ മനഃപരിവർത്തനത്തിനുതകുന്ന രീതിയിലാണ് ലോക്കപ്പിൽ ചിത്രങ്ങളൊരുക്കിയത്.

പോലീസ് സ്റ്റേഷനും ലോക്കപ്പും സാധാരണക്കാരിൽ എന്നും ഭീതി നിറച്ചിരുന്നു. ചോരയും കണ്ണീരും ചാലിച്ച ഒട്ടേറെ കഥകളാണ് ലോക്കപ്പുകൾക്ക് പറയാനുള്ളത്. കൂത്തുപറമ്പ് പോലീസ് ലോക്കപ്പിന്റെയും ചരിത്രവും വ്യത്യസ്തമല്ല. മുഖ്യമന്ത്രി പിണറായി വിജയൻപോലും അടിയന്തരാവസ്ഥയുടെ നാളുകളിൽ ഇവിടത്തെ ലോക്കപ്പിന്റെ ശൗര്യം നേരിട്ടറിഞ്ഞതാണ്. ക്രൂരമർദനത്തിനിരയായ അദ്ദേഹം ചോരപുരണ്ട ഷർട്ട് ഉയർത്തിക്കാട്ടി നിയമസഭയിൽ നടത്തിയ പ്രസംഗവും ചരിത്രത്തിന്റെ ഏടുകളിലുണ്ട്.

ടൈൽസും പുത്തൻ പെയിന്റുമടിച്ച് ഭംഗിയാക്കിയ ശേഷമാണ് ചിത്രങ്ങളൊരുക്കിയത്. മൃഗസ്വഭാവത്തിൽനിന്ന് ശാന്തിയിലേക്ക് എന്ന പേരിലാണ് ചിത്രങ്ങൾ. പന്നിയിൽ തുടങ്ങി കഴുകനായും പരുന്തായും മൂങ്ങയായും അരയന്നമായും കൊക്കായും പരിണമിക്കുന്ന മനുഷ്യൻ സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറുന്നതും ഒടുവിൽ ശാന്തിയുടെ പ്രതിരൂപമായ ശ്രീബുദ്ധനിൽ അഭയം പ്രാപിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷൈജു കെ.മാലൂരിന്റെ നേതൃത്വത്തിൽ രൂപേഷ് ചിത്രകല, നിർമിതൻ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ ഒരുക്കിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എ.ബിനു മോഹൻ, എസ്.ഐ. പി.ബിജു എന്നിവരാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ലക്ഷ്യം മാനസിക പരിവർത്തനം

കുറ്റവാളികൾക്ക് മാനസിക പരിവർത്തനമുണ്ടാകുന്നതിനാണ് മാറ്റങ്ങൾ വരുത്തിയത്. പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധയിനം ചെടികളും ഇടംപിടിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്നവർക്കും ലോക്കപ്പിൽ കഴിയുന്നവർക്കും ആസ്വദിക്കുന്നതിന് സൗണ്ട് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

പി.എ.ബിനുമോഹൻ, കൂത്തുപറമ്പ് സി.ഐ.

Content Highlights:paintings in police station lockup in koothuparamba