ന്യൂഡൽഹി: ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പൂഴ്ത്തിവെച്ച് ഉയർന്നവിലയ്ക്ക് വിൽപന നടത്തിയെന്ന കേസിൽ ഹോട്ടൽ വ്യവസായി നവനീത് കൽറ അറസ്റ്റിൽ. ഗുരുഗ്രാമിന് സമീപത്തെ ഒരു ഫാം ഹൗസിൽനിന്നാണ് നവനീത് കൽറയെ അറസ്റ്റ് ചെയ്തത്.

ഡൽഹിയിലെ ഖാൻ ചാച്ച റെസ്റ്റോറന്റ് ഉൾപ്പെടെ ഒട്ടേറെ ഹോട്ടലുകളുടെ ഉടമയാണ് നവനീത് കൽറ. ഡൽഹിയിലെ ഇദ്ദേഹത്തിന്റെ ഹോട്ടലുകളിൽനിന്ന് അഞ്ഞൂറോളം ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെ നവനീത് കൽറ ഒളിവിൽപോവുകയായിരുന്നു.

കേസിൽ മുൻകൂർ ജാമ്യം തേടി നവനീത് കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്കെതിരേയുള്ള കുറ്റാരോപണങ്ങൾ ഗുരുതരമാണെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിനു പിന്നാലെയാണ് ഫാം ഹൗസിൽനിന്ന് കൽറയെ പോലീസ് പിടികൂടിയത്. കേസിൽ നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ജാമ്യം ലഭിച്ചു.

Content Highlights:oxygen hoarding and blackmarket khan chacha hotel owner navneet kalra arrested