ന്യൂഡൽഹി: ഓക്സിജൻ കോൺസൻട്രേറ്ററുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ കേസിൽ പ്രമുഖ ഹോട്ടൽ വ്യവസായി നവനീത് കൽറക്കെതിരേ പോലീസ് അന്വേഷണം. നവനീതിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഹോട്ടലുകളിൽനിന്ന് അഞ്ഞൂറിലധിം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയത്. നിലവിൽ നവനീത് കൽറയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.

വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് നവനീതിന്റെ മൂന്ന് ഹോട്ടലുകളിൽനിന്ന് പോലീസ് സംഘം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തത്. തെക്കൻ ഡൽഹിയിലെ ലോധി കോളനിയിലെ ബാർ ഹോട്ടലിൽനിന്ന് മാത്രം 419 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കണ്ടെടുത്തിരുന്നു. ഡൽഹി ഖാൻ മാർക്കറ്റിലെ രണ്ട് ഹോട്ടലുകളിൽനിന്നായി 105 കോൺസെൻട്രേറ്ററുകളും പിടിച്ചെടുത്തു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഓൺലൈൻ വഴിയും ഉയർന്നവിലയ്ക്കാണ് നവനീതും സംഘവും ഇവ വിൽപ്പന നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓക്സിജൻ സിലിൻഡറുകളുടെ വിൽപന സംബന്ധിച്ച് നവനീത് നടത്തിയ ചില സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ആർക്കെങ്കിലും ഓക്സിജൻ ആവശ്യമാണെങ്കിൽ മൂന്ന് മണിക്കുള്ളിൽ ബുക്ക് ചെയ്യണമെന്നും ഓക്സിജൻ സിലിൻഡറുകൾ കുറവാണെന്നും ഖാൻ മാർക്കറ്റിലെ സുഹൃത്തുക്കൾക്ക് പോലും നൽകാനുള്ള സിലിൻഡറുകൾ കൈവശമില്ലെന്നുമാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. അതിനിടെ, ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി ഡൽഹി ക്രൈംബ്രാഞ്ചിന് കൈമാറി.

കഴിഞ്ഞ ഒക്ടോബറിലാണ് നവനീതും സംഘവും ചൈനയിൽനിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതെന്നാണ് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയിൽ ആവശ്യം വർധിച്ചതോടെ ഇറക്കുമതിയും കൂടി. തുടർന്ന് ഇവയെല്ലാം വിവിധ ഹോട്ടലുകളിലായാണ് സൂക്ഷിച്ചിരുന്നത്. 16,000 മുതൽ 20,000 രൂപ വരെ വിലയുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകൾ 50,000 മുതൽ 70,000 രൂപ വരെ ഈടാക്കിയാണ് ഇവർ വിൽപന നടത്തിയിരുന്നതെന്നും ഇന്ത്യാടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.

ഡൽഹിയിലെ പ്രശസ്തമായ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവനീത് കൽറ. 2010-ലാണ് ഖാൻ ചാച്ച സ്ഥാപകനായ ഹാജി ബൻദ ഹസ്സന്റെ മക്കളോടൊപ്പം നവനീതും ഹോട്ടൽ ബിസിനസിൽ പങ്കാളിയായത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിഞ്ഞു. ഖാൻ ചാച്ച ട്രേഡ് മാർക്ക് കരസ്ഥമാക്കാനായി ഇരുവർക്കുമിടയിൽ നിയമപോരാട്ടവും അരങ്ങേറി. ഒടുവിൽ ഖാൻ ചാച്ച ട്രേഡ്മാർക്ക് നവനീതിന് ലഭിച്ചു. വ്യാജരേഖകൾ ചമച്ചാണ് നവനീത് ഇത് സ്വന്തമാക്കിയതെന്നായിരുന്നു ഹാജി ഹസ്സന്റെ മക്കളുടെ ആരോപണം. നിലവിൽ ഖാൻ ചാച്ച ഹോട്ടൽ ശൃംഖല മുഴുവൻ നവനീതിന്റെ ഉടമസ്ഥതയിലാണ്. നവനീതുമായി വേർപിരിഞ്ഞ ശേഷം ഹാജി ഹസ്സന്റെ മക്കൾ മറ്റൊരു പേരിൽ ഹോട്ടൽ ശൃംഖല ആരംഭിച്ചിരുന്നു.

Content Highlights:oxygen blackmarket delhi police hunt for hotel businessman navneet kalra