ആലപ്പുഴ: ചേര്‍ത്തലയ്ക്കടുത്ത് പൂച്ചാക്കലില്‍ അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനികളെയും ബൈക്ക് യാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ നാല് വിദ്യാര്‍ഥിനികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. 

അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലുടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാര്‍ഥിനികളെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ തോട്ടിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ സൈക്കിളില്‍ പോവുകയായിരുന്ന ഒരു വിദ്യാര്‍ഥിനിയെയും ഇടിച്ചുതെറിപ്പിച്ചു. ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാര്‍ നിന്നത്. ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ അനഘ, അര്‍ച്ചന, ചന്ദന, രാഖി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥിനികള്‍. ഈ അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിക്കുന്നതിന് മുമ്പ് കാര്‍ ഒരു ബൈക്കിനെയും ഇടിച്ചിട്ടിരുന്നതായാണ് വിവരം. ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമല്ല. ഈ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

പരിസരവാസിയായ മനോജ് എന്നയാളുടെ കാറാണ് അപകടം സൃഷ്ടിച്ചത്. ഇയാള്‍ ഒരാഴ്ച മുമ്പ് മറ്റൊരാളില്‍ നിന്നും വാങ്ങിയ വാഹനമാണിത്. അപകടസമയത്ത് മനോജും ഇതരസംസ്ഥാനക്കാരനായ മറ്റൊരാളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഇതരസംസ്ഥാനക്കാരനാണെന്നും ഇരുവരും മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ കാറിലെ യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Content Highlights: over speed car rams into pedestrains in poochakkal alappuzha, students injured