ഒറ്റപ്പാലം: ഒറ്റപ്പാലത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചും തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകമല്ലെന്ന് തോന്നാതിരിക്കാനാണ് വലത് കൈത്തണ്ടയില്‍ മരണത്തിനുശേഷം മുറിവുണ്ടാക്കിയത്. ഇതില്‍നിന്ന് അധികം രക്തം വാര്‍ന്നിരുന്നില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിനുപയോഗിച്ച ബ്ലേഡ് ആര്‍.എസ്. റോഡിലെ വീട്ടില്‍നിന്ന് വിരലടയാളവിദഗ്ധരുടെ പരിശോധസമയത്തുതന്നെ പോലീസ് കണ്ടെടുത്തിരുന്നു.

ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ തെക്കേതൊടിയില്‍ ഖദീജ മന്‍സിലില്‍ ഖദീജയുടെ (63) മരണം കൊലപാതകമെന്ന് ഉറപ്പിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. കൈത്തണ്ടയിലുണ്ടായിരുന്ന മുറിവ് മരണശേഷമുണ്ടാക്കിയതാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.

കഴുത്തിലെ രണ്ട് അസ്ഥികള്‍ക്ക് ക്ഷതവും പൊട്ടലുമുണ്ട്. കഴുത്ത് ഞെരിച്ചത് കാരണമാണ് ഇതുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ചുണ്ടിലും കവിളിലും ക്ഷതമേറ്റ പാടുകളുണ്ട്. ഇത് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചപ്പോള്‍ ഉണ്ടായതാണ്.

സംഭവത്തില്‍ ഖദീജയുടെ (63) സഹോദരിയുടെ മകള്‍ ഷീജ (44), ഇവരുടെ മകന്‍ യാസിര്‍ (21) എന്നിവരെ കൊലപാതകം നടന്ന അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഖദീജയുടെ സ്വര്‍ണത്തിനുവേണ്ടിയായിരുന്നു കൊലപാതകം. 13 പവനോളം സ്വര്‍ണമാണ് കൊലപാതകത്തിനുശേഷം ഇവര്‍ കൈക്കലാക്കിയത്. നഗരത്തിലെ ജൂവലറിയില്‍ ഇത് വില്‍ക്കാന്‍ കൊണ്ടുവന്നപ്പോള്‍ മോഷണമുതലാണെന്ന് സ്ഥാപന ഉടമകള്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരില്‍നിന്നുതന്നെ 13 പവന്‍ സ്വര്‍ണവും പോലീസ് കണ്ടെടുത്തു. മാല യാസിറിന്റെ കഴുത്തില്‍നിന്നാണ് കിട്ടിയത്. ഷീജയുടെ ബാഗിലും സ്വര്‍ണമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.