ഒറ്റപ്പാലം: നഗരത്തില്‍ ആര്‍.എസ്. റോഡില്‍ തെക്കേത്തൊടിയില്‍ ഖദീജ മന്‍സിലിലെ വീട്ടമ്മ ഖദീജയെ (63) ശ്വാസംമുട്ടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോലീസ്. ഇതേത്തുടര്‍ന്ന് ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജ (44), ഇവരുടെ മകന്‍ യാസിര്‍ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഖദീജയുടെ സ്വര്‍ണത്തിനായി ഇരുവരുംചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ വലത് കൈത്തണ്ടയില്‍ മുറിവുണ്ടാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പത്തരപ്പവന്‍ സ്വര്‍ണവുമായി ഷീജയും മകന്‍ യാസിറും ഒറ്റപ്പാലത്തെ ഒരു സ്വകാര്യ ജൂവലറിയില്‍ എത്തിയിരുന്നു. ഈ സ്വര്‍ണം അവിടെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മോഷ്ടിച്ച സ്വര്‍ണമാണോയെന്ന് സംശയം തോന്നുകയും പോലീസിനെ അറിയിക്കയും ചെയ്തു. പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഇവരുടെ വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ആര്‍.എസ്. റോഡിലെ ഖദീജ മന്‍സിലില്‍ എത്തുന്നത്.

ഷീജയും ഖദീജയും അഞ്ചുവര്‍ഷമായി ഈ വീട്ടിലായിരുന്നു താമസം. മുംബൈയിലായിരുന്ന ഷീജയുടെ മകന്‍ യാസിര്‍ പാസ്പ്പോര്‍ട്ട് ആവശ്യത്തിനായാണ് ഇവിടെയെത്തിയിരുന്നത്. പോലീസെത്തി വീട്ടിലുണ്ടായിരുന്ന ഖദീജയോട് സംഭവം തിരക്കിയപ്പോള്‍ സ്വര്‍ണം അവരുടേതാണെന്ന് തെളിഞ്ഞു. ഇവര്‍ തന്റെ ബന്ധുക്കളാണെന്നും പരാതിയില്ലെന്നും ഖദീജ നിര്‍ബന്ധംപിടിച്ചതോടെയാണ് പോലീസ് നടപടിയെടുക്കാതെ വിട്ടത്.

പിന്നീട് രാത്രി ഏഴരയോടെ യാസിര്‍ 13 പവനോളം സ്വര്‍ണവുമായി വീണ്ടും ഇതേ ജൂവലറിയിലെത്തി. ജീവനക്കാര്‍ വീണ്ടും ഇയാളെത്തിയ വിവരം പോലീസില്‍ അറിയിച്ചു. സംശയംതോന്നി പോലീസ് വീട്ടിലെത്തി നോക്കുമ്പോഴാണ് കിടപ്പുമുറിയില്‍ ഖദീജയെ മരിച്ച നിലയില്‍ കാണുന്നത്.

തുടര്‍ന്നുനടത്തിയ പരിശോധനയില്‍ രണ്ടുമണിക്കൂറിനുള്ളില്‍ത്തന്നെ ഒറ്റപ്പാലം നഗരത്തില്‍നിന്ന് ഷീജയെയും യാസിറിനെയും പോലീസ് പിടികൂടുകയായിരുന്നു. സ്വര്‍ണം ഇവരില്‍നിന്ന് കണ്ടെടുത്തു. ഫോറന്‍സിക്, സയിന്റിഫിക്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ്, അഡീഷണല്‍ എസ്.ഐ. പി.എല്‍. ജോര്‍ജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ എം.സി. രാജശേഖരന്‍നായര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടിയത്.

ഇവര്‍ എന്റെ മക്കളെപ്പോലെ, എനിക്ക് പരാതിയില്ല സാര്‍...

ഒറ്റപ്പാലം: വ്യാഴാഴ്ച ഉച്ചയ്ക്ക് ഒറ്റപ്പാലം ആര്‍.എസ്. റോഡ് ഖദീജ മന്‍സിലില്‍ പോലീസെത്തുമ്പോള്‍ തന്റെ കാണാതായ സ്വര്‍ണം തിരയുകയായിരുന്നു ഖദീജ. സ്വര്‍ണം എടുത്തവരെ കിട്ടിയെന്നും സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞ് ഖദീജയെ പോലീസ് കൂട്ടിക്കൊണ്ടുപോയി. സ്റ്റേഷനിലെത്തിയപ്പോള്‍ തന്റെ സഹോദരിയുടെ മകള്‍ ഷീജയും മകന്‍ യാസിറുമാണ് സ്വര്‍ണം എടുത്തതെന്നറിഞ്ഞു.

ഇവര്‍ എന്റെ മക്കളെപ്പോലെയാണ് സാര്‍; എനിക്ക് പരാതിയില്ല -ഖദീജ പോലീസിനോട് പറഞ്ഞു. പോലീസ് നിര്‍ബന്ധിച്ചിട്ടും ഖദീജ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അതെത്തിച്ചത് ഖദീജയുടെ മരണത്തിലായിരുന്നു. ഈ വിഷയത്തില്‍ ഖദീജ പരാതി നല്‍കിയിരുന്നെങ്കില്‍ കേസെടുക്കുകയും ഇരുവരും നേരത്തേ അറസ്റ്റിലാവുകയും ചെയ്യുമായിരുന്നു. പരാതിയില്ലെന്ന് പോലീസിന് രേഖാമൂലം എഴുതിനല്‍കിയാണ് ഖദീജ സ്റ്റേഷനില്‍നിന്ന് മടങ്ങിയത്.

സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കാന്‍ പോലീസ് ഖദീജയോട് നിര്‍ദേശിക്കയും ചെയ്തിരുന്നു. ഷീജയോട് ഒറ്റപ്പാലം വിട്ടുപോകാനും പോലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വീണ്ടും മൂവരും വീട്ടിലെത്തുകയും സ്വര്‍ണാഭരണത്തിന്റെ പേരിലുണ്ടായ തര്‍ക്കംമൂത്താണ് കൊലപാതകത്തിലെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, കേസെടുത്തില്ലെങ്കിലും മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ ഇവരെ വിട്ടയച്ചത് പോലീസിന്റെ വീഴ്ചയാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍, കൃത്യംനടന്ന് രണ്ടുമണിക്കൂറിനകം പ്രതികളെ പിടികൂടാനായത് പോലീസിന് മുതല്‍ക്കൂട്ടായി. യാസിര്‍ മുംബൈയിലെ ധാരാവിയിലാണ് മുമ്പുണ്ടായിരുന്നത്. ഇവര്‍ ഇവിടേക്ക് കടക്കാനിരിക്കായിരുന്നു. കൃത്യസമയത്ത് അന്വേഷണംനടത്തി ഇവരെ പിടികൂടാനായതും നേട്ടമായി.

വഴിത്തിരിവായത് ജൂവലറി നടത്തിപ്പുകാരുടെ ഇടപെടല്‍... 

ഒറ്റപ്പാലം: ആര്‍.എസ്. റോഡില്‍ തെക്കേത്തൊടിയില്‍ ഖദീജയുടെ കൊലപാതകത്തില്‍ പോലീസിന് പെട്ടെന്ന് പ്രതിയിലേക്കെത്താന്‍ സഹായകമായത് നഗരത്തിലെ ജൂവലറി നടത്തിപ്പുകാരുടെ ഇടപെടല്‍. ജൂവലറി ഉടമയായ പനമണ്ണ ഐക്യത്തില്‍ ഗിരീഷ്, ജൂവലറി മാനേജരും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിട്ട. എസ്.ഐ.യുമായ മണ്ണൂര്‍ പള്ളത്ത് വീട്ടില്‍ പ്രമോദിന്റെയും നിരീക്ഷണപാടവമാണ് പ്രതികളെ കുടുക്കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നാണ് മരിച്ച ഖദീജയുടെ പത്തരപ്പവന്‍ സ്വര്‍ണവുമായി ഷീജയും മകന്‍ യാസിറും നഗരത്തിലെ ജൂവലറിയിലെത്തിയത്. വില്‍ക്കാനെത്തിച്ച മാലയിലെ ലോക്കറ്റില്‍ ഖദീജ എന്ന് എഴുതിയിരുന്നു. സംശയംതോന്നിയ ഇവര്‍ ഷീജയോട് പേരെന്തെന്ന് ചോദിച്ചു. ഖദീജയെന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്ന്, ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡില്‍ ഷീജ എന്ന് എഴുതിയത് ചോദിച്ചപ്പോള്‍ താന്‍ മുംബൈയിലായിരുന്നെന്നും അവിടത്തെ പേരാണെന്നും മറുപടി നല്‍കി.

മോഷ്ടിച്ചുകൊണ്ടുവന്ന സ്വര്‍ണമാണോയെന്ന സംശയം ബലപ്പെട്ടതോടെ ഗിരീഷും പ്രമോദും സ്വര്‍ണത്തിന് ഒരുലക്ഷം രൂപയോളം വിലകുറച്ച് പറഞ്ഞു. സ്വന്തം സ്വര്‍ണമാണെങ്കില്‍ ഇത് സമ്മതിക്കില്ലെന്ന ധാരണയിലാണ് ഇങ്ങനെ പറഞ്ഞത്. ഷീജ ഇത് സമ്മതിച്ചതോടെ ഇരുവരും പോലീസിനെ വിളിക്കയായിരുന്നു. പിന്നീട് പോലീസന്വേഷണത്തില്‍ ഖദീജയുടെ സ്വര്‍ണം ഇവര്‍ കൈക്കലാക്കിയതാണെന്ന് തെളിഞ്ഞിരുന്നു. ശേഷം രാത്രി ഏഴരയോടെ യാസിര്‍ വീണ്ടും ജൂവലറിയിലെത്തി. നേരത്തേ പത്തരപ്പവന്‍ സ്വര്‍ണവുമായാണ് എത്തിയതെങ്കില്‍ രാത്രിയെത്തിയത് 13 പവനോളം സ്വര്‍ണവുമായായിരുന്നു.

ഖദീജയുടെ മൃതദേഹത്തിലെ സ്വര്‍ണവും ഇവര്‍ ഊരിയെടുത്തിരുന്നു. അപകടംമണത്ത ഗിരീഷും പ്രമോദും വേഗം പോലീസിനെ അറിയിച്ചു. അപ്പോഴേക്കും യാസിര്‍ ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. എന്താണ് വീണ്ടും സംഭവിച്ചതെന്നറിയാന്‍ പോലീസ് ഖദീജയുടെ വീട്ടിലെത്തുമ്പോഴാണ് മരിച്ചതായി കാണുന്നത്. ജൂവലറി നടത്തിപ്പുകാരുടെ ഇടപെടലിനെ ത്തുടര്‍ന്നാണ് ഇരുവരും കൃത്യംനടത്തി നഗരംവിടുംമുമ്പേ പിടിയിലാകാന്‍ ഇടയായത്.