വാഷിങ്ടണ്‍: ആറുവയസ്സുകാരിയെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത വീഡിയോ പുറത്തുവന്നതോടെ ഓര്‍ലാന്‍ഡോ പോലീസിനെതിരെ വ്യാപക പ്രതിഷേധം. നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ പോലീസ് നടപടിക്കെതിരേ രംഗത്തെത്തിയത്. 

സ്‌കൂള്‍ ജീവനക്കാരെ ഇടിച്ചെന്നും സ്‌കൂളില്‍ മോശമായി പെരുമാറിയെന്നുമുള്ള പരാതിയിലാണ് ആറുവയസ്സുകാരിയെ ഓര്‍ലാന്‍ഡോ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. 

സംഭവസമയത്ത് സുരക്ഷ ജീവനക്കാരന്റെ യൂണിഫോമിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. വലിയ കുറ്റവാളിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് പോലെ ആറുവയസ്സുകാരിയെയും പോലീസ് വാഹനത്തിലേക്ക് കയറ്റുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടി കരയുന്നുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയായിരുന്നു പോലീസുകാരന്റെ നടപടി. എന്നെ സഹായിക്കണമെന്നും പോലീസ് വാഹനത്തില്‍ പോകില്ലെന്നും കുഞ്ഞ് കരഞ്ഞ് പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അഭിഭാഷകര്‍ മുഖേന കുട്ടിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെയാണ് കഴിഞ്ഞദിവസം ഈ വീഡിയോ പുറത്തുവിട്ടത്. അതേസമയം, കുട്ടിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ഈ സംഭവത്തിന് ശേഷം സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നതായാണ് വിവരം. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് ഇയാള്‍ കുട്ടിയെ അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

Note: The Video Contains Disturbing Visuals 

 

Content Highlights: orlando police arrested six year old girl, video released