വാഷിങ്ടൺ: യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) നേതൃത്വത്തിൽ നടന്ന 'ഓപ്പറേഷൻട്രോജൻ ഷീൽഡി'ൽ ലോകമാകെ അറസ്റ്റിലായത് 800-ലേറെ കുറ്റവാളികൾ. വിവിധ രാജ്യങ്ങളിൽ നടന്ന റെയ്‌ഡുകളിലാണ് ഇത്രയും പേരെ വിവിധ പോലീസ് സംഘങ്ങളും അന്വേഷണ ഏജൻസികളും പിടികൂടിയത്. ഇവരിൽനിന്ന് 22 ടൺ കഞ്ചാവ്, രണ്ട് ടൺ മെഥാംഫെറ്റമിൻ, എട്ട് ടൺ കൊക്കെയ്ൻ, 48 മില്യൺ ഡോളറിന്റെ വിവിധ കറൻസികൾ, മറ്റു ക്രിപ്റ്റോകറൻസി ഇടപാടുകൾ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തു.

എഫ്.ബി.ഐ.യുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷന് 16 രാജ്യങ്ങളിലെ പോലീസ് സംഘങ്ങളും യൂറോപ്യൻ അന്വേഷണ ഏജൻസിയായ യൂറോപോളും സഹകരിച്ചിരുന്നു. അനോം എന്ന പേരിൽ എഫ്.ബി.ഐ. തന്നെ പുറത്തിറക്കിയ എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലെ മില്യൺ കണക്കിന് സന്ദേശങ്ങൾ നിരീക്ഷിച്ചാണ് കുറ്റവാളികളെ പിടികൂടിയതെന്ന് അന്വേഷണ ഏജൻസികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലോകവ്യാപകമായി മയക്കുമരുന്ന് കടത്തിലും മറ്റും ഇടപെടുന്ന കുറ്റവാളികൾ എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കുന്ന മൊബൈൽ ഫോണുകളിലാണ് ഈ ആപ്പുകൾ പ്രവർത്തിച്ചിരുന്നത്. നേരത്തെ കുറ്റവാളികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന എൻക്രോചാറ്റ്, സ്കൈ ഇസിസി തുടങ്ങിയ എൻക്രിപ്റ്റഡ് മെസേജിങ് സേവനങ്ങൾ അന്വേഷണ ഏജൻസികൾ നുഴഞ്ഞുകയറി തകർത്തിരുന്നു. ഇതോടെയാണ് മറ്റൊരു എൻക്രിപ്റ്റഡ് മെസേജിങ് സേവനത്തിന് ആവശ്യക്കാരേറിയത്. ഈ സാഹചര്യം മുതലെടുത്ത അന്വേഷണ ഏജൻസികൾ തന്നെ രഹസ്യമായി നിർമിച്ച അനോം എന്ന എൻക്രിപ്റ്റഡ് മെസേജിങ് സേവനം കുറ്റവാളികൾക്കിടയിൽ പ്രചരിപ്പിച്ചു. അനോം ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഏകദേശം 12,000 മൊബൈൽ ഫോണുകളും ഉപകരണങ്ങളുമാണ് മുന്നൂറോളം ക്രിമിനൽ സംഘങ്ങൾക്കിടയിൽ എത്തിയത്.

അന്വേഷണ ഏജൻസികളുടെ രഹസ്യവിവര ദeയകർ വഴിയായിരുന്നു ഈ ഉപകരണങ്ങൾ എത്തിച്ചുനൽകിയത്. തുടർന്ന് അനോം ആപ്പിന്റെ ഉപയോഗം കുറ്റവാളികൾക്കിടയിൽ വർധിച്ചതോടെ ഓരോ സന്ദേശങ്ങളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായി. കോടിക്കണക്കിന് ഡോളറിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തും, ആസൂത്രിത കൊലപാതകങ്ങളും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഏജൻസികൾ ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ റെയ്‌ഡ് നടത്തി എണ്ണൂറിലേറെ കുറ്റവാളികളെ പിടികൂടിയത്.

Content Highlights:operation trojan shield 800 more criminals arrested around the world after fbi designed anom app observation