കൊച്ചി: നിരവധി കേസുകളിൽ പ്രതികളായ സഹോദരന്മാരെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി നീലീശ്വരം ചേലാട്ട് വിട്ടിൽ ഡെൻസിൽ (22), ഗോഡ്സൻ (21) എന്നിവരെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കാലടി പോലീസ് സ്റ്റേഷനിൽ മാത്രം ഡെൻസിലിന്റെ പേരിൽ ഏഴു കേസുകളുണ്ട്. കൊലപാതകശ്രമം, ദേഹോപദ്രവം, വീടുകയറി ആക്രമണം, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്.

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം, കൊലപാതകശ്രമം, ദേഹോ്ര്രപവം, തുടങ്ങി അഞ്ച് കേസുകളിൽ പ്രതിയാണ് ഗോഡ്സൻ. ഇവരെ രണ്ടു പേരെയും 2019 ജൂണിൽ ആറു മാസത്തേക്ക് നാടുകടത്തിയിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് നാട്ടിൽ എത്തിയ ഇവർ നീലീശ്വരത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വടിവാൾ കൊണ്ട് ആക്രമിക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് ഇരുവരെയും കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഗുണ്ടകൾക്കെതിരെ റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ശക്തമായ നടപടി തുടരുകയാണ്. ഇതുവരെ കാപ്പ നിയമപ്രകാരം 15 പേരെ ജയിലിൽ അടച്ചു. 23 പേരെ നാടുകടത്തി. റൂറൽ ജില്ലയിലെ മറ്റ് കുറ്റവാളികളെ നിരീക്ഷിച്ചു വരികയാണ്. ഇവർക്കെതിരെ റൂറൽ ജില്ലാതലത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കാപ്പ പ്രകാരം കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് എസ്.പി. പറഞ്ഞു.

Content Highlights:operation dark hunt eranakulam rural police