ആലുവ: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശേരി, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ കേസുകളുള്ള നോർത്ത് പറവുർ കോട്ടുവള്ളി കിഴക്കേപ്രം കരയിൽ വയലുംപാടം വീട്ടിൽ അനൂപിനെ (പൊക്കൻ അനൂപ് 32) യാണ് ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വധശ്രമം, കവർച്ച, ദേഹോപദ്രവം, ആയുധം കൈവശം വയ്ക്കൽ, സ്ഫോടക വസ്തു ഉപയോഗിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ഈ വർഷം തന്നെ മൂന്ന് കേസുകളിൽ ഉൾപ്പെട്ട അനൂപ് തത്തപ്പിള്ളിയിൽ മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച കേസിലും നെടുമ്പാശേരിയിൽ ചീട്ടുകളി സംഘത്തെ ആക്രമിച്ച് പണം കവർന്ന കേസിലും പ്രധാന പ്രതിയാണ്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഗുണ്ടകൾക്കെതിരേ റൂറൽ ജില്ലയിൽ കർശന നടപടി തുടരുകയാണ്. ഇതു വരെ 18 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചെന്നും 23 പേരെ നാടുകടത്തിയതായും എസ്.പി കെ. കാർത്തിക് പറഞ്ഞു.

Content Highlights:operation dark hunt by eranakulam rural police