ആലുവ: കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ വീട്ടിൽ അമലിനെ(25)യാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

കുറുപ്പംപടി, കോതമംഗലം, അങ്കമാലി സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, അനധികൃത സംഘം ചേരൽ, ആയുധം കൈവശംവയ്ക്കൽ തുടങ്ങിയ കേസിലെ പ്രതിയാണ് അമൽ. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാളെ 2017-ൽ കാപ്പ നിയമകാരം ആറ് മാസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നതാണ്.

കുറുപ്പംപടി എസ്.എച്ച്.ഒ കെ.ആർ മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഈ മാസം 5 ഗുണ്ടകളെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇതുവരെ 16 പേരെ കാപ്പ നിയമപ്രകാരം ജയിലിലടക്കുകയും 23 പേരെ നാടുകടത്തുകയും ചെയ്തു. കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്ന് എസ്.പി. കെ.കാർത്തിക് പറഞ്ഞു.

Content Highlights:operation dark hunt by eranakulam rural police