ശ്രീകണ്ഠപുരം: ഓണ്‍ലൈനിലൂടെ ചുരിദാര്‍ ടോപ്പ് വാങ്ങാന്‍ പണമടച്ച യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടപ്പെട്ടത്.

ഫെയ്സ്ബുക്കില്‍ പരസ്യം കണ്ടതിനെ തുടര്‍ന്നാണ് 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗിള്‍ പേ വഴി അടയ്ക്കുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരസ്യത്തില്‍ കണ്ട സ്ഥാപനത്തിന്റെ 7582825396 എന്ന നമ്പറിലേക്ക് വിളിച്ചു. അപ്പോള്‍ വിലാസം പരിശോധിക്കുന്നതിന് മൊബൈല്‍ ഫോണില്‍നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.

ഇങ്ങനെ സന്ദേശമയച്ചതിനുപിന്നാലെ രജനയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടില്‍നിന്ന് ആറുതവണയായി ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു.

ആദ്യം അയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. രജനയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.