പാലക്കാട്: മുതലമടയില്‍ നിരോധിത പുകയില ഉത്പന്നം പിടികൂടാനിറങ്ങിയതായിരുന്നു എക്‌സൈസ് സംഘം. പരിശോധനയില്‍ 30 ലക്ഷം രൂപയുടെ നിരോധിത ഉത്പന്നങ്ങള്‍ കണ്ടെടുത്തു. അതിലും വലിയ തട്ടിപ്പ് കൂടിയാണ് എക്‌സൈസ് സംഘം തിരിച്ചറിഞ്ഞത്. പ്രതികള്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണെന്നതിന്റെ തെളിവും ലഭിച്ചു. മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് ബ്ലാക്കില്‍ 30 ലക്ഷം രൂപയ്ക്ക് വിറ്റത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീന്‍ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്.

പണമിടപാട് സംബന്ധിച്ചുള്ള പരിശോധന ചെന്നെത്തിയത് ഗായത്രി മേനോന്‍ എന്ന വ്യാജ ഐഡിയിലും. ഇതോടെയാണ് പ്രതികളുടെ സെക്‌സ് റാക്കറ്റ് തട്ടിപ്പ് പുറത്തായത്. ജലാലുദ്ദീന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഗായത്രി മേനോന്‍ എന്ന പേരിലെ തട്ടിപ്പിന് ഇരയായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഗൂഗിള്‍ പേ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. കോളേജ് വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും തങ്ങളുടെ കൈവശമുണ്ടെന്ന് സന്ദശമയച്ചാണ് ഇടപാടിന് ആളെ കണ്ടെത്തിയിരുന്നത്.

മണിക്കൂര്‍ അടിസ്ഥാനത്തില്‍ സേവനം ലഭ്യമാണെന്ന് പറഞ്ഞുറപ്പിച്ച ശേഷം സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ചു കൊടുക്കും. ഒരാളെ തിരഞ്ഞെടുത്ത ശേഷം തുക പറഞ്ഞ് ഉറപ്പിക്കും. പിന്നീട് ഇത് ഗൂഗിള്‍ പേ ചെയ്യണം എന്നതായിരുന്നു തട്ടിപ്പിന്റെ രീതി. തട്ടിപ്പിനിരയായെന്ന് മനസ്സിലായാലും മാനനഷ്ടം പേടിച്ച് ആരും പരാതി നല്‍കില്ലെന്ന ധൈര്യമാണ് പ്രതികളെ ഈ രീതി തുടരാന്‍ പ്രേരിപ്പിച്ചത്. ആള്‍ക്കാരെ വലയില്‍ വീഴ്ത്താനായി ഒട്ടേറെ സ്ത്രീകളുടെ ചിത്രവും അയച്ചുനല്‍കിയിരുന്നു.

ബാങ്ക് അക്കൗണ്ടിലേക്കും ഗൂഗിള്‍ പേയിലും പണം കൈമാറിയതിന്റെ രേഖയും എക്‌സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. സെക്‌സ് റാക്കറ്റ് സംബന്ധിച്ച കേസ് കൊല്ലങ്കോട് പോലീസ് അന്വേഷിക്കും. പുകയില ഉത്പന്നങ്ങളുമായി പിടിയിലായവരെ കൊല്ലങ്കോട് എക്‌സൈസ് റേഞ്ചിന് കൈമാറി. കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും പാലക്കാട് എക്‌സൈസും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് പൊള്ളാച്ചിയില്‍നിന്ന് മലപ്പുറം ഭാഗത്തേക്ക് പിക്ക് അപ് വാനില്‍ കടത്തുന്നതിനിടെയാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് രഹസ്യാന്വേഷണവിഭാഗം പിടികൂടിയത്. 

Content Highlights: online sex racket using fake id and photos of women caught in Palakkad