തൃശ്ശൂര്‍: ഫെയ്സ്ബുക്ക് മെസഞ്ചര്‍ ചാറ്റ് വഴി സൗഹൃദം. പിന്നെ വിദേശത്തുനിന്ന് സമ്മാനം അയയ്ക്കും. ഒപ്പം പണവും തട്ടും. സൈബര്‍തട്ടിപ്പിന് പുതിയ തന്ത്രം. തൃശ്ശൂര്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടത് 60 ലക്ഷം. തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളില്‍ അന്വേഷണം നടക്കുകയാണ്.

തട്ടിപ്പ് ഇങ്ങനെ...

ഫെയ്സ്ബുക്കില്‍ സജീവമായിട്ടുള്ളവരുടെ പ്രൊഫൈലുകള്‍ മാസങ്ങളോളം നിരീക്ഷിച്ചശേഷം സ്വഭാവവും ഇഷ്ടവും മനസ്സിലാക്കി സൗഹൃദാഭ്യര്‍ഥന അയയ്ക്കും. വിദേശപേരുകളും വിദേശികളുടെ പ്രൊഫൈലുകളുമുള്ളവരാണ് ഇത്തരത്തില്‍ സൗഹൃദാഭ്യര്‍ഥന അയയ്ക്കുന്നത്. തുടര്‍ന്ന് മെസഞ്ചര്‍ ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച് വാട്സ്ആപ്പ് നമ്പറും കൈക്കലാക്കും.

ചാറ്റിങ്ങിലൂടെയും വീഡിയോ കോളിലൂടെയും ഇരകളുമായി വൈകാരികബന്ധം സ്ഥാപിച്ചശേഷം അവരുടെ ജന്മദിനം, വിവാഹവാര്‍ഷികം, കുട്ടികളുടെ ജന്മദിനം തുടങ്ങിയ ദിവസങ്ങള്‍ മനസ്സിലാക്കി വിദേശത്തുനിന്ന് സമ്മാനം അയയ്ക്കുമെന്നറിയിക്കും. വിശ്വാസ്യതയ്ക്കായി സമ്മാനത്തിന്റെ ഫോട്ടോയും അയയ്ക്കും.

രണ്ടുദിവസത്തിനുശേഷം കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഫോണ്‍വിളി ഇരയെത്തേടിയെത്തും. പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും പ്രോസസിങ് ഫീസ് ഇനത്തില്‍ പണമടയ്ക്കണമെന്നും പറയും. ഇക്കാര്യം സുഹൃത്തിനോട് അന്വേഷിക്കുമ്പോള്‍ ഇന്ത്യയിലേക്ക് പാഴ്സല്‍ അയയ്ക്കുമ്പോള്‍ മാത്രമാണ് ഇങ്ങനെയുള്ള പ്രോസസിങ് ഫീസ് ഈടാക്കുന്നതെന്നും ഇഷ്ടത്തോടെ അയച്ച പാഴ്സല്‍ നിരാകരിക്കരുതെന്നും അഭ്യര്‍ഥനയെത്തും. ഈ ഘട്ടത്തില്‍ ചെറിയ തുക മാത്രമേ ഇരയില്‍നിന്ന് നഷ്ടമാകൂ.

രണ്ടോ മൂന്നോ ദിവസത്തിനുശേഷം വീണ്ടും വിളിയെത്തും. പരിശോധനയ്ക്കിടെ പാഴ്‌സലില്‍ സ്വര്‍ണവും വിദേശനാണയവുമടക്കം വിലകൂടിയ വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയെന്നും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നുമാകും അടുത്ത നിര്‍ദേശം. ഇരയെ വിശ്വസിപ്പിക്കാന്‍ വീണ്ടും ചിത്രങ്ങളയയ്ക്കും. ഒപ്പം 'സമ്മാനം ഉപേക്ഷിക്കരുതേ...' എന്ന അപേക്ഷയുമായി സുഹൃത്തിന്റെ ചാറ്റും തുടരും. തട്ടിപ്പുകാരന്റെ അപേക്ഷയില്‍ വീഴുന്ന ഇര വീണ്ടും ചെറിയ തുകകളായി അവരുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കും. തനിക്ക് വലിയ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കും.

വിശ്വാസം നിലനിര്‍ത്താന്‍ 10,000 രൂപയുടെ സൈക്കിളും

ഇരയില്‍നിന്ന് പണം ആവശ്യപ്പെടുമ്പോള്‍ വിശ്വാസം നിലനിര്‍ത്തുന്നതിനായി തട്ടിപ്പുകാര്‍ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ഇത്തരത്തില്‍ പലതവണ ചെറിയ തുകകളായി 30 ലക്ഷം രൂപയോളം തട്ടിയെടുത്തശേഷം വിശ്വാസം നിലനിര്‍ത്താന്‍ ഇരയുടെ മകന്റെ ജന്മദിനത്തില്‍ പതിനായിരം രൂപയുടെ സൈക്കിള്‍ അയച്ചുകൊടുത്ത സംഭവവുമുണ്ടായി. പണം നിക്ഷേപിക്കാന്‍ വിമുഖത കാണിച്ചപ്പോള്‍ തട്ടിപ്പുകാര്‍ ഭീഷണിയും പുറത്തെടുത്തു. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തി ഇരയുടെ ഫോണിലേക്ക് വിളിച്ചു. പാഴ്സലായി അയച്ചിട്ടുള്ള ബാഗിനുള്ളില്‍ സ്വര്‍ണവും പണവും കണ്ടത് ഗുരുതരകുറ്റമാണെന്നും കസ്റ്റംസ് ഡ്യൂട്ടി നല്‍കി കൈപ്പറ്റിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഈ ഘട്ടത്തിലാണ് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.