കോട്ടയം: ഓൺലൈനിലൂടെ പെൺകെണിയിൽപെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘത്തിനെതിരായ പരാതിയിൽ അന്വേഷണവുമായി ജില്ലാ പോലീസ്. നിരവധി പേരിൽനിന്നായി ലക്ഷങ്ങളാണ് അടുത്തിടെ സംഘം തട്ടിയെടുത്തത്. ഫെയ്സ്ബുക്കിൽ അജ്ഞാതരായ സ്ത്രീകളുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് തട്ടിപ്പ് സംഘം ഇരകളെ വീഴ്ത്തുന്നത്.

കുട്ടികളും യുവാക്കളും പ്രായമായവരും ഒരുപോലെ തട്ടിപ്പുസംഘത്തിന്റെ വലയിൽവീണ് പണം നഷ്ടപ്പെടുന്നതായി പോലീസ് പറഞ്ഞു. നാലുദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ വിവിധയിടങ്ങളിൽനിന്നുള്ള 17 പേരാണ് പരാതി നൽകിയത്. മാനക്കേടോർത്ത് പരാതി നൽകാൻ വിസമ്മതിച്ചവരും നിരവധിയാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ കോട്ടയം ഡിവൈ.എസ്.പിക്ക് നിർദേശം നൽകി.

ഫെയ്സ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ മെസഞ്ചർ വഴി ചാറ്റിങ് തുടങ്ങും. അടുപ്പം സ്ഥാപിച്ച് മൊബൈൽ നമ്പർ കൈക്കലാക്കും. ന്യൂഡ് ചാറ്റിന് ക്ഷണിച്ച് സ്ക്രീൻ ഷോട്ട് വഴിയോ സ്ക്രീൻ റെക്കോഡർ വഴിയോ പകർത്തും.

പിന്നീട് ചാറ്റ് ചെയ്ത പുരുഷന്റെ ഫോട്ടോ കാണിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് തയ്യാറാക്കി പണം നൽകിയില്ലെങ്കിൽ നഗ്നചിത്രം അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് രീതി.

നാണക്കേട് ഭയന്ന് സംഘം പറയുന്ന ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ, മറ്റു ഇലക്ട്രോണിക് മണിട്രാൻസ്‌ഫർ തുടങ്ങിയ സംവിധാനങ്ങൾ വഴി പണമയയ്ക്കും. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിയെത്തും. ഓൺലൈൻ വായ്പ സംഘടിപ്പിച്ച് തട്ടിപ്പ് സംഘത്തിന് പണം നൽകിയവരുമുണ്ട്. ഫെയ്സ്ബുക്കിൽ അപരിചിതരിൽനിന്ന് ലഭിക്കുന്ന റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയാൽ ഉടൻ വിവരം അറിയിക്കണമെന്നും കോട്ടയം ഡിവൈ.എസ്.പി. എം.അനിൽകുമാർ പറഞ്ഞു.