പേരാമംഗലം(തൃശ്ശൂര്‍): ഓണ്‍ലൈന്‍ ഗെയിമില്‍ മുഴുകിയ മകനെ അമ്മ ശകാരിച്ചു. മകന്‍ വീടുവിട്ടിറങ്ങി. ഒടുവില്‍ ചൊവ്വല്ലൂര്‍പ്പടിയില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. പിതാവ് വിദേശത്താണ്. മകനെ കാണാതായപ്പോള്‍ അമ്മ ആദ്യം നാട്ടുകാരെയും ബന്ധുക്കളെയും പിന്നീട് പേരാമംഗലം പോലീസിലും വിവരം നല്‍കി.

ഇതിനിടെ നവമാധ്യമങ്ങളിലും വിവരം പ്രചരിച്ചു. പോലീസും അന്വേഷണമാരംഭിച്ചു.

ഉച്ചതിരിഞ്ഞ് ചൊവ്വല്ലൂര്‍പ്പടിയില്‍നിന്ന് കുട്ടിയെ കണ്ടെത്തി. വീട്ടില്‍നിന്ന് നടന്ന് അവിടെയെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ അവശനായി കണ്ടതിനെത്തുടര്‍ന്ന് സമീപത്തെ കടയുടമ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കടയുടമയോട് ഫോണിലൂടെ അമ്മയെ വിളിക്കുമോയെന്ന് കുട്ടി ചോദിച്ചു. ബന്ധുക്കളെത്തി വിദ്യാര്‍ഥിയെക്കൂട്ടി പേരാമംഗലം പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്തശേഷം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.