ചെന്നൈ: മൊബൈലില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിനെത്തുടര്‍ന്ന് പോളിടെക്നിക് വിദ്യാര്‍ഥി ജീവനൊടുക്കി. തിരുനല്‍വേലി ജില്ലയിലെ ദിശായന്‍വിളയിലുള്ള വള്ളിമയിലിന്റ മകന്‍ സഞ്ജയാണ് (16) മരിച്ചത്. സ്വകാര്യ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

സഞ്ജയ് ദീര്‍ഘനേരം ഫ്രീ ഫയര്‍ എന്ന ഓണ്‍ലൈന്‍ ഗെയിം കളിയ്ക്കുന്നത് പതിവാക്കിയതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ശകാരിക്കുകയും അതില്‍നിന്ന് വിലക്കുകയുമായിരുന്നു. പിന്നീട് വീട്ടില്‍ ആരുമില്ലാതിരുന്ന സമയം സഞ്ജയ് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തിന്റെപേരില്‍ അമ്മ ശകാരിച്ചതിനാല്‍ കഴിഞ്ഞദിവസം മധുരയില്‍ കോളേജ് വിദ്യാര്‍ഥി ആത്മഹത്യചെയ്തിരുന്നു.

ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിന് ജൂലായില്‍ മധുരയില്‍ പത്ത് വയസ്സുകാരനും ജീവനൊടുക്കിയിരുന്നു.

ഓണ്‍ലൈന്‍ ഗെയിം: താരങ്ങള്‍ക്കെതിരേയുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി 

ചെന്നൈ: ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കണമെന്നും ഇവയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സൗരവ് ഗാംഗുലി, വിരാട് കോലി, പ്രകാശ് രാജ് തുടങ്ങിയ ക്രിക്കറ്റ്-സിനിമാ താരങ്ങള്‍ക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

ഹര്‍ജിക്കാരന്‍ സ്വന്തം പ്രശസ്തിക്കു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് എം. ദുരൈസാമി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ നിരോധിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ഓഗസ്റ്റില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഗാംഗുലി, കോലി, സിനിമാ താരങ്ങളായ പ്രകാശ് രാജ്, തമന്ന, റാണ ദഗ്ഗുബാട്ടി, സുധീപ് എന്നിവരെ എതിര്‍കക്ഷികളാക്കി അഭിഭാഷകനായ മുഹമ്മദ് റാസ്വിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ അക്രമം, സൈബര്‍ അധിക്ഷേപങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ക്രിക്കറ്റ്, സിനിമാ താരങ്ങള്‍ പരസ്യത്തിലൂടെ ഇതിന് പ്രചാരണം നല്‍കുന്നുവെന്നും ആരോപിച്ചു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവങ്ങളും ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ ഗെയിം വിഷയത്തില്‍ ഓഗസ്റ്റില്‍ ഹൈക്കോടതി തീര്‍പ്പുകല്പിച്ചിട്ടുണ്ടെന്നും അതിനുശേഷം പുതിയ ഹര്‍ജി സമര്‍പ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത് സ്വന്തം പ്രശസ്തിയാണെന്നും നടന്‍ റാണ ദഗ്ഗുബാട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. ഗാംഗുലിയുടെ അഭിഭാഷകന്‍ പി.എസ്. രാമനും ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു. അനാവശ്യമായി പ്രശസ്തവ്യക്തികളുടെ പേരില്‍ നിയമനടപടിയ്‌ക്കൊരുങ്ങി സ്വയം പ്രശസ്തനാകാനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജി സമയം പാഴാക്കുന്നുവെന്നും പറഞ്ഞു. പ്രശസ്തിക്കു വേണ്ടി ഇത്തരത്തിലുള്ള ഹര്‍ജികള്‍ നല്‍കുന്നതിന് പകരം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീധനം തുടങ്ങി സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഹര്‍ജിക്കാരനെ കോടതി ഉപദേശിച്ചു. ഓണ്‍ലൈന്‍ ഗെയിം വിഷയത്തില്‍ നടപടി വേണമെങ്കില്‍ സര്‍ക്കാര്‍ അധികൃതരെ സമീപിക്കാനും നിര്‍ദേശിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)