ബെംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഒമ്പതംഗസംഘത്തെ കർണാടക സി.ഐ.ഡി. സൈബർ ക്രൈം ഡിവിഷൻ പിടികൂടി. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദും സംഘവുമാണ് പിടിയിലായത്. രണ്ട് ചൈനീസ് പൗരൻമാരും രണ്ടു ടിബറ്റുകാരും പിടിയിലായിട്ടുണ്ട്. ഡൽഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ചൈനയിൽനിന്നാണ് സംഘം തട്ടിപ്പ് നിയന്ത്രിച്ചത്

അനസ് അഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ചൈനയിലെ ഹവാല ഇടപാടുകാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി. ചൈനയിൽ വിദ്യാഭ്യാസം നേടിയ അനസ് വിവാഹംചെയ്തതും ചൈനക്കാരിയെയാണ്.

ബുൾ ഫിഞ്ച് ടെക്നോളജീസ്, എച്ച് ആൻഡ് എസ് വെഞ്ചേർസ്, ക്ലിഫോർഡ് വെഞ്ചേർസ് എന്നീ പേരുകളിൽ കടലാസ് കമ്പനികൾ നടത്തിയായിരുന്നു തട്ടിപ്പ്. അനസ് അഹമ്മദിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ റമ്മി ആപ്ലിക്കേഷനുകൾ നിക്ഷേപം സ്വീകരിക്കുന്നതിനുവേണ്ടി പവർ ബാങ്ക് ആപ്ലിക്കേഷൻ, സൺ ഫാക്ടറി ആപ്ലിക്കേഷൻ തുടങ്ങിയവയായി മാറ്റുകയായിരുന്നു.കൂടുതൽ ലാഭവിഹിതവും പലിശയും വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിച്ചതിനുശേഷം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മറ്റു വെബ്സൈറ്റുകളിൽ നിന്നും ആപ്പുകൾ നീക്കംചെയ്ത് പണവുമായി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ 290 കോടി രൂപ അനസ് മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി പോലീസ് കണ്ടെത്തി.

അക്കൗണ്ടിലുള്ള പണത്തിന്റെ നല്ലൊരു ശതമാനവും മരവിപ്പിക്കാൻ സൈബർ ക്രൈം ഡിവിഷന് സാധിച്ചു. കടലാസ് കമ്പനികളുടെ ഡയറക്ടർമാരായി പ്രവർത്തിച്ചിരുന്നവരാണ് പിടിയിലായത്.

സി.ഐ.ഡി. സൈബർ ക്രൈം ഡിവിഷൻ എസ്.പി. എം.ഡി. ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Content Highlights:online fraud worth 290 crore nine arrested in bengaluru