ആലുവ: എടത്തല നാലാം മൈലില്‍ ഒരു ഓപ്പറേഷനു വേണ്ടി ക്യാമ്പ് ചെയ്തിരിക്കുന്ന കരസേനാ ക്യാമ്പിലേക്ക് മീന്‍ ആവശ്യപ്പെട്ട് മീന്‍വില്പനക്കാരനെ പറ്റിച്ച് പണം തട്ടി. ക്യാമ്പിലേക്ക് 10 കിലോഗ്രാം മീന്‍ വേണമെന്നായിരുന്നു ഹിന്ദിയില്‍ പറഞ്ഞത്. നിര്‍ദേശാനുസരണം മീന്‍ തയ്യാറാക്കി വെച്ചു. ഡ്രൈവറെ അയച്ച് മീന്‍ വാങ്ങിക്കോളാമെന്നും വിളിച്ചവര്‍ പറഞ്ഞു. പണം ഗൂഗിള്‍ പേ വഴി അയയ്ക്കാന്‍ വില്‍പ്പനക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ മിലിട്ടറിയില്‍ ആ സംവിധാനം ഇല്ലെന്നും 'കാര്‍ഡ് ടു കാര്‍ഡ്' വഴി അയച്ചുതരാമെന്നും മറുപടി നല്‍കി. അതിനായി എ.ടി.എം. കാര്‍ഡിന്റെ രണ്ടുവശവും ഫോട്ടോയെടുത്ത് വാട്ട്സാപ്പ് വഴി അയയ്ക്കാനും ആവശ്യപ്പെട്ടു. കച്ചവടക്കാരന്‍ അതുപോലെ ചെയ്തു.

വിളിക്കുന്നത് പട്ടാളക്കാരനാണെന്ന് ഉറപ്പുവരുത്താന്‍ വിളിച്ചയാള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഫോട്ടോയും അയച്ചുനല്‍കി. വില്‍പ്പനക്കാരന് മൊബൈലില്‍ വന്ന ഒ.ടി.പി. നമ്പര്‍ കൂടി അയച്ചുകൊടുത്തതും അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്ന 2,650 രൂപ സംഘം തട്ടിയെടുത്തു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വച്ചതായ തുകയാണ് ഒണ്‍ലൈന്‍ തട്ടിപ്പുസംഘം കൊണ്ടുപോയത്.

തട്ടിപ്പുകാരെ തിരിച്ചറിയണം

മൊബൈലില്‍ വരുന്ന ഇത്തരം കോളുകള്‍ തട്ടിപ്പുകാരുടേതാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. കീഴ്മാട് കോഴിക്കച്ചവടം നടത്തുന്ന സുബിനെയും പട്ടാള ക്യാമ്പില്‍ നിന്നാണെന്ന് പറഞ്ഞാണ് വിളിച്ചത്. ആലുവയില്‍ രഹസ്യമായി ക്യാമ്പ് ചെയ്തിരിക്കുകയാണെന്നും 15 കിലോ ഇറച്ചി വേണമെന്നുമായിരുന്നു ആവശ്യം. ഇറച്ചി തയ്യാറാക്കാന്‍ പറഞ്ഞ സമയത്തിനു ശേഷം വീണ്ടും വിളി വന്നു. പണം അക്കൗണ്ടിലിടാന്‍ എ.ടി.എം. കാര്‍ഡിന്റെ ഇരുവശവും ഫോട്ടോയെടുത്ത് അയയ്ക്കാന്‍ പറഞ്ഞു.

തട്ടിപ്പാണെന്ന് മനസ്സിലാക്കിയ സുബിന്‍ ഉപയോഗിക്കാത്ത അക്കൗണ്ടില്‍ രണ്ടു രൂപ മാത്രമുള്ള എ.ടി.എം. കാര്‍ഡിന്റെ ചിത്രം അയച്ചുകൊടുത്തു. 'മിനിമം 1000 രൂപയുള്ള എ.ടി.എം. കാര്‍ഡേ എടുക്കൂ' എന്ന മറുപടിയാണ് ലഭിച്ചത്.

സുബിന്‍ കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്ത് മുറിച്ചുവെച്ച മാംസം കൂട്ടുകാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.

രണ്ടുവര്‍ഷമായി സമാനമായ തട്ടിപ്പ് ആലുവ മേഖലയില്‍ നടക്കുന്നുണ്ട്. ഹോട്ടലുകളിലേക്ക് വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്താണ് നേരത്തെ ഇത്തരം തട്ടിപ്പ് നടത്തിയിരുന്നത്. എന്നാല്‍ നാണക്കേട് നിമിത്തം പലരും പുറത്തു പറയുന്നില്ല.

എ.ടി.എം. വിവരങ്ങള്‍ പങ്കുവെക്കരുത്

ജനങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലാണെന്ന് പറയുകയും അതുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ വ്യാജ ചിത്രങ്ങളും ഐ.ഡി. കാര്‍ഡുകളും അയയ്ക്കുകയും ചെയ്യും. ഇത് യഥാര്‍ഥമാണെന്ന് വിശ്വസിച്ചാണ് വ്യാപാരികള്‍ തട്ടിപ്പില്‍ വീഴുന്നത്.

കോളുകള്‍ക്ക് മറുപടിയായി ഒരു കാരണവശാലും എ.ടി.എം കാര്‍ഡിലെ നമ്പറുകള്‍ പറഞ്ഞുകൊടുക്കുകയോ ചിത്രം ആയച്ചുകൊടുക്കുകയോ ചെയ്യരുതെന്ന് റൂറല്‍ എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. ഒ.ടി.പി. നമ്പരുകള്‍ മറ്റാരുമായും പങ്കുവെക്കാനേ പാടില്ല.