പത്തനംതിട്ട: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് പണം തട്ടുന്നരീതി ജില്ലയിലും വ്യാപകമാകുന്നു. രണ്ട് മാസത്തിനിടെ 15 കേസുകളാണ് ജില്ലയില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലും പോലീസ് സ്റ്റേഷനുകളിലുമായി റിപ്പോര്‍ട്ട് ചെയ്തത്.

തട്ടിപ്പിനിരയായ ശേഷം പരാതി നല്‍കിയ കേസുകളാണിതെല്ലാം. എന്നാല്‍, ദിനംപ്രതി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ജില്ലയുടെ പല ഭാഗത്തും ഉണ്ടാകുന്നുണ്ടെന്നും നാണക്കേട് കാരണം ആളുകള്‍ പരാതി നല്‍കാന്‍ മടിക്കുകയാണെന്നും പോലീസ് പറയുന്നു.

തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ

ഫെയ്സ്ബുക്കില്‍ സജീവമായി ഇടപെടുന്നവരുടെ പ്രൊഫൈല്‍ മാസങ്ങളോളം നിരീക്ഷിച്ച ശേഷം ഇവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയാണ് തട്ടിപ്പുകാരുടെ പതിവുരീതിയെന്ന് സൈബര്‍ പോലീസ് പറയുന്നു. പ്രൊഫൈല്‍ മൊത്തത്തില്‍ പരിശോധിച്ച് ഈ വ്യക്തിയുടെ ജീവിതശൈലിയും ഇഷ്ട വിഷയങ്ങളുമെല്ലാം തട്ടിപ്പുകാര്‍ മനസ്സിലാക്കും. പിന്നീടാകും ഇതനുസരിച്ചുള്ള രീതിയില്‍ മെസഞ്ചറില്‍ ചാറ്റിങ് നടത്തുക. ഇതില്‍ വിശ്വാസമാര്‍ജിച്ച ശേഷം വാട്സാപ്പ് നമ്പര്‍ വാങ്ങി സൗഹൃദം കൂടുതല്‍ വ്യക്തിപരമാക്കാനാകും അടുത്ത ശ്രമം.

അമേരിക്കയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍, ബിസിനസുകാരന്‍, സോഫ്റ്റ്വേര്‍ കമ്പനി മുതലാളി തുടങ്ങിയ പേരുകളിലാകും ഇവര്‍ സ്വയം പരിചയപ്പെടുത്തുക.

ഇരയുമായി ബന്ധം സ്ഥാപിച്ച ശേഷം ജന്മദിനംപോലുള്ള വിശേഷ ദിവസങ്ങള്‍ മനസ്സിലാക്കി യൂറോപ്പില്‍നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കും. ഇതിന്റെ ചിത്രം വാട്സാപ്പില്‍ അയച്ചുനല്‍കും. തൊട്ടടുത്ത ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥന്‍ എന്ന പേരിലൊരു ഫോണ്‍വിളിയാകും ഇരകളെ തേടിയെത്തുക.

20 ലക്ഷം നികുതി അടയ്ക്കണം

നിങ്ങളുടെ പേരിലൊരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും ഫീസ് ആയി ചെറിയ തുക അടയ്ക്കണമെന്നും 'കസ്റ്റംസ് ഉദ്യോഗസ്ഥന്‍' എന്ന് പറഞ്ഞ് ഫോണിലൂടെ വിളിക്കുന്നയാള്‍ ആവശ്യപ്പെടും.

പാഴ്‌സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലയുള്ള വാച്ച്, ഐഫോണ്‍, പണം എന്നിവ കണ്ടതായും ഇവയ്ക്ക് കസ്റ്റംസ് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അടയ്ക്കണമെന്നും ഇയാള്‍ പറയും. ലഭിക്കാനിരിക്കുന്ന കോടികളോര്‍ത്ത് ഈ പണം അടയ്ക്കുന്നതോടെ ചതിക്കപ്പെടും.

സംശയം തോന്നിപ്പിക്കാത്ത പെരുമാറ്റം-  ആറന്മുള സ്വദേശി പറയുന്നു 

 'ആന്റണി സാറ' എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടില്‍നിന്നാണ് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. സംശയം തോന്നിപ്പിക്കാത്ത തരത്തിലുള്ള പെരുമാറ്റമായിരുന്നു ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ആളുടേതെന്ന് തട്ടിപ്പിന് സാക്ഷിയാകേണ്ടിവന്ന യുവാവ് പറഞ്ഞു. ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോള്‍ തന്നെ പ്രൊഫൈല്‍ നോക്കിയിരുന്നു. പ്രശ്‌നമൊന്നും തോന്നാത്തതിനാല്‍ റിക്വസ്റ്റ് സ്വീകരിച്ചു. അപ്പോള്‍ തന്നെ മെസഞ്ചറില്‍ 'ഹായ്' എന്ന മെസേജും വന്നു. ഇംഗ്ലീഷിലായിരുന്നു സന്ദേശങ്ങളെല്ലാം. തൊട്ടടുത്ത ദിവസം തന്നെ വാട്‌സാപ്പ് നമ്പരും ആവശ്യപ്പെട്ടു. ഇത്രയും സംസാരിച്ചതുകൊണ്ട് നമ്പര്‍ നല്‍കുന്നതില്‍ പ്രശ്‌നമൊന്നും തോന്നിയില്ല.

വാട്‌സാപ്പ് വഴി ഒരാഴ്ചയോളം വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിലാസവും ഫോട്ടോയും ചോദിച്ചുവാങ്ങി. അമേരിക്കയിലെ ഒരു കമ്പനി ഉടമയെന്നാണ് പറഞ്ഞത്.

പിന്നീട് ഒരുദിവസം തന്റെ പിറന്നാളാണെന്നും അതുകൊണ്ട് നിങ്ങള്‍ക്ക് സമ്മാനം തരാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഐഫോണും സ്വര്‍ണമാലയുമൊക്കെ ഇവയടങ്ങിയ വലിയൊരു പെട്ടിയുടെ ഫോട്ടോ അയച്ചുതന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്നുപറഞ്ഞ് സ്ത്രീ വിളിച്ചു.

നിങ്ങളുടെ പേരില്‍ കൊറിയര്‍ ഉണ്ടെന്നും ഇതിന് നികുതിയായി 35,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. ഇംഗ്ലീഷിലായിരുന്നു സംസാരം. പണം ആവശ്യപ്പെട്ടത് സംശയത്തിന് കാരണമായി. അതോടെ ഇയാളെ ഫെയ്സ്ബുക്കില്‍നിന്ന് അണ്‍ഫ്രണ്ട് ചെയ്തു. വാട്‌സാപ്പില്‍ ബ്ലോക്കാക്കി.

ചതി പറ്റിയാല്‍...

• തട്ടിപ്പ് സംബന്ധിച്ചുള്ള പരാതികള്‍ ഏത് പോലീസ് സ്റ്റേഷനിലും നല്‍കാം. ജില്ലയില്‍ പത്തനംതിട്ടയിലെ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ ഈമെയില്‍ വഴിയോ പരാതി നല്‍കാം. അടുത്തുള്ള പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം.

• എല്ലാ സാമൂഹിക മാധ്യമങ്ങള്‍ക്കും പ്രൈവസി സൈറ്റിങ്സ് ഉണ്ട്. ഈ ഓപ്ഷന്‍ ഉപയോഗിച്ച് കൂട്ടുകാരും കുടുംബാംഗങ്ങള്‍ക്കും മാത്രം നമ്മുടെ അക്കൗണ്ടുകള്‍ കാണാവുന്ന വിധത്തിലാക്കാം.

• ഫെയ്സ്ബുക്കില്‍ പരിചിതരല്ലാത്തവരുടെ റിക്വസ്റ്റും സ്വീകരിക്കരുത്. പ്രൊഫൈല്‍ ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഫേസ്ബുക്കിലെ സെറ്റിങ്സിലുണ്ട്.

• വാട്‌സാപ്പില്‍ പ്രൊഫൈല്‍ ചിത്രവും സ്റ്റാറ്റസുമെല്ലാം നമ്മുെട ഫോണില്‍ സേവ് ചെയ്ത നമ്പരുള്ളവര്‍ക്ക് മാത്രം കാണാവുന്ന തരത്തിലാക്കണം. ഇന്‍സ്റ്റാഗ്രാമിലെ സെറ്റിങ്സിലും സ്വകാര്യ അക്കൗണ്ട് ആക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.

• പണം അയയ്ക്കുന്നതിനായി തട്ടിപ്പ് സംഘം അയച്ചുതരുന്ന അക്കൗണ്ട് നമ്പരിന്റെ ഐ.എഫ്.എസ്.ഇ. കോഡ് ഗൂഗിളില്‍ പരിശോധിച്ചാല്‍ ഉത്തരേന്ത്യയിലെ ഏതെങ്കിലും ബാങ്കിന്റെതായിരിക്കും. ഇത് കണ്ടാലും മനസ്സിലാക്കാം ലക്ഷ്യം തട്ടിപ്പാണെന്ന്.

Content Highlights: online fraud cases in pathanamthitta