തിരുവനന്തപുരം: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിലൂടെ വ്യാജ പരസ്യം നല്‍കി വള്ളക്കടവ് സ്വദേശിയില്‍നിന്നും 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. മഹാരാഷ്ട്ര പുണെ സ്വദേശി ശൈലേഷ് ശിവറാം ഷിന്‍ഡെ(40)യെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ്‌ചെയ്തത്.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിലൂടെ മൊബൈല്‍ഫോണും മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളും വിലക്കുറവില്‍ വാഗ്ദാനം ചെയ്ത് വ്യാജപരസ്യം നല്‍കിയ ശേഷം ഉത്പന്നങ്ങളുടെ വിലയ്ക്കു പുറമേ ഡെലിവറി സമയത്ത് മടക്കി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് കൂടുതല്‍ തുക തട്ടിയെടുക്കുകയായിരുന്നു. വിവിധ ക്ലിയറന്‍സ് ചാര്‍ജുകളായും മറ്റുമാണ് ഈ തുക വാങ്ങിയിരുന്നത്.  

സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പുണെയില്‍ നിന്നും പിടികൂടിയത്.

സമാനരീതിയില്‍ നിരവധി ആളുകളെ പറ്റിച്ച്, മള്‍ട്ടിനാഷണല്‍ ഐ.ടി. കമ്പനിയിലെ ഉദ്യോഗസ്ഥന്‍ കൂടിയായ പ്രതി പുണെ നഗരത്തിലെ ഫ്‌ളാറ്റുകളില്‍ മാറിമാറി ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു.

ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചും സൈബര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയുമായിരുന്നു അന്വേഷണം. ഡി.വൈ.എസ്.പി. ടി.ശ്യാംലാല്‍, ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ പി.ബി. എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ബിജുലാല്‍, സി.പി.ഒ.മാരായ വിജേഷ്, ആദര്‍ശ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.