പരപ്പനങ്ങാടി(മലപ്പുറം): പോലീസുകാരനോട് 'സ്‌കോര്‍ റെഡിയാണ്' എന്ന ലഹരിവില്‍പ്പന കോഡ് പറഞ്ഞ കൗമാരക്കാര്‍ പിടിയിലായി. സാമൂഹിക മാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴി ലഹരിവില്‍പ്പനയും ഉപയോഗവും നടത്തിവന്നിരുന്ന 'ബോബ് മാര്‍ലി' സംഘത്തില്‍പെട്ട ഏഴു പേരാണ് പോലീസിന്റെ പിടിയിലായത്.

പരപ്പനങ്ങാടി എസ്.ഐ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ചെട്ടിപ്പടിയില്‍ നടത്തിയ രാത്രിപരിശോധനയില്‍ ചെട്ടിപ്പടി ഭാഗത്ത് ബൈക്കില്‍ കറങ്ങുകയായിരുന്ന രണ്ടു പേരെ പിടികൂടി ചോദ്യംചെയ്തതോടെയാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

ജീപ്പില്‍ കയറ്റിയശേഷം ഇവരുടെ ഫോണുകള്‍ കൈകാര്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് ലഹരി ഉപയോഗിക്കുന്നവരുടെ രഹസ്യകോഡായ 'സ്‌കോര്‍ റെഡിയാണ്' എന്നുപറയുകയും 'സ്‌കോര്‍' എത്തിച്ച രണ്ടുപേരെ പിടികൂടുകയുമായിരുന്നു.

തുടര്‍ന്ന് ഗ്രൂപ്പിലുള്ള മറ്റു അംഗങ്ങളെയും തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടി. ഇവരില്‍നിന്ന് ലഹരിക്കായി ഉപയോഗിക്കുന്ന ഉപകരണവും ഒ.സി.ബി. പേപ്പറുകളും കണ്ടെടുത്തു. 'സോംബീസ് ഓഫ് ബോബ് മാര്‍ലി' എന്ന രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ ഇവരെല്ലാവരും കടുത്ത ലഹരി അടിമകളാണെന്ന് പോലീസ് പറയുന്നു. 

ഗ്രൂപ്പ്ചാറ്റ് വഴിയായിരുന്നു ലഹരിവസ്തുക്കള്‍ പരസ്പരം കൈമാറ്റംചെയ്തിരുന്നത്. ഓരോദിവസവും ലഹരിവസ്തുക്കള്‍ എത്തിക്കുന്നതും അത് ഉപയോഗിക്കുന്നതുമായ സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പ് വഴി കൃത്യമായി ലൊക്കേഷനുകള്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി.

പിടിയിലായവരെയെല്ലാം സ്റ്റേഷനിലേക്ക് മാറ്റി കൗണ്‍സലിങ് നടത്തിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അമ്പട്ടന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബോബ് മാര്‍ലി ഗ്രൂപ്പ് അഡ്മിനെയും മറ്റു ഗ്രൂപ്പ് അംഗങ്ങളെയും സൈബര്‍സെല്‍ വഴി അന്വേഷിക്കുന്നുണ്ടെന്ന് പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് അറിയിച്ചു.

Content Highlights: online drugs sale; teenagers arrested in parappanangadi