കൂറ്റനാട്(പാലക്കാട്): ഓണ്‍ലൈനിലൂടെ ചാരിറ്റി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിശേരി പെരുമണ്ണൂര്‍ സ്വദേശി എ.കെ. ഷാനു (മുഹമ്മദ് ഷനൂബ്-29) വിനെയാണ് ചാലിശ്ശേരി എസ്.എച്ച്. ഒ. ശശീന്ദ്രന്‍ മേലേയലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.

പെരിങ്ങോട് സ്വദേശിയായ ഷെരീഫിന്റെ മകന്‍ മുഹമ്മദ് സഫ്‌വാന്‍ എന്ന കുട്ടി ബൈക്കില്‍ പോകുമ്പോള്‍ തെറിച്ചുവീണ് ഗുരുതര പരിക്കുപറ്റി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും 100, 200 രൂപ ചലഞ്ചായി ഏറ്റെടുത്ത് കുട്ടിയെ സഹായിക്കണമെന്നും നവമാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

വെറും ഒന്നരദിവസം കൊണ്ട് 1.38 ലക്ഷത്തോളം രൂപയാണ് ഇയാള്‍ നോട്ടീസിനൊപ്പം നല്‍കിയ കൂറ്റനാട് എസ്.ബി.ഐ. അക്കൗണ്ടില്‍ എത്തിയത്. സഹായം അയക്കാനായി ഇയാളുടെ ഭാര്യയുടെ പേരിലാണ് അക്കൗണ്ട് എടുത്തിട്ടുള്ളതെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതിനായി ഗൂഗിളില്‍നിന്ന് ഒരു കൊച്ചുകുട്ടിയുടെ ഫോട്ടോയും തിരഞ്ഞെടുത്ത് വ്യാജ നോട്ടീസിനോടൊപ്പം ചേര്‍ത്തിരുന്നു.

സാമ്പത്തിക സഹായം സമൂഹമാധ്യമം വഴി പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പെരിങ്ങോട് മതുപ്പുള്ളി ഭാഗത്ത് ഇങ്ങനെയൊരു വിലാസമില്ലെന്നും ഇത് തട്ടിപ്പിന്റെ ഭാഗമാണെന്നും നാട്ടുകാരില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകരായ നാഗലശ്ശേരി വാര്‍ഡ് മെമ്പര്‍ സലീം, ജിജോ എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. അതോടൊപ്പം വ്യാജമായി നല്‍കിയ അറിയിപ്പിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ പോലീസ് ഇടപെട്ട് മരിവിപ്പിക്കുവാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു.

ജൂണ്‍ അഞ്ചിന് ഈ അക്കൗണ്ടിലേക്ക് പണം നല്‍കിയ പെരിങ്ങോട് സ്വദേശിയായ അബ്ദുള്‍ ഗഫൂര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. 100 രൂപയുടെ ചലഞ്ച് ഏറ്റെടുത്ത് പ്രവാസികളുള്‍പ്പെടെ നിരവധിയാളുകള്‍ പണം അക്കൗണ്ടിലേക്ക് നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രതിപക്ഷ നേതാവിനെ സമൂഹമാധ്യമം വഴി അസഭ്യം പറഞ്ഞതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ ചാലിശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.