ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് കോടികൾ കവർന്ന സംഘത്തിലെ മുഖ്യപ്രതിയെ ബെംഗളൂരുവിൽ നിന്നും എറണാകുളം റൂറൽ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്. കേരളത്തിൽ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയിൽ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്. ഇതിൽ മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷം രൂപയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

തൃശുരിൽ മൂന്നുപേരുടെ അക്കൗണ്ടുകളിൽ നിന്നായി 83.75 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. ഓൺലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതിൽ നിന്നും യൂസർ ഐഡിയും പാസ് വേഡും സ്വന്തമാക്കും. തുടർന്ന് ഫോണിലേക്ക് വരുന്ന ഒ.ടി.പി. നമ്പർ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനു വേണ്ടി സംഘത്തിലെ ഒരാൾ കേരളത്തിൽ വന്ന് വ്യാജ ആധാർ കാർഡും, വോട്ടേഴ്സ് ഐ.ഡിയും നിർമ്മിച്ച് വിവിധ മൊബൈൽ കമ്പനികളിൽ നിന്നും അക്കൗണ്ട് ഉടമകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും. അതിനു ശേഷം ഈ സിമ്മിലേക്ക് ഒ..ടി.പി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവൻ കവരുകയാണ് രീതി. യഥാർത്ഥ സിം കാർഡിന്റെ ഉടമ സിം ബ്ലോക്കായി കിടക്കുന്നതിനാൽ ബാങ്കിൽനിന്നും വരുന്ന മെസേജ് അറിയുകയുമില്ല.

മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബി.എസ്.എൻ.എല്ലിന്റെ രണ്ട് ഓഫീസുകൾ വഴിയാണ് വാങ്ങിയത്. അഞ്ച് ദിവസങ്ങളിലായാണ് 85 ലക്ഷം രൂപ സംഘം പിൻവലിച്ചിരിക്കുന്നത്. പണം പോയിരിക്കുന്നത് കൊൽക്കത്തയിലെ നാല് ബാങ്ക് അക്കൗണ്ടുകളിലേക്കും. തൃശൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയത് അലുവയിലെ മൊബൈൽ ഓഫീസിൽ നിന്നും കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് വഴിയാണ്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ സംഘം ബെംഗളൂരുവിൽ വലിയൊരു ഓപ്പറേഷന് തയ്യാറെടുക്കുകയായിരുന്നു. കേരളത്തിൽ കൂടുതൽ പേരുടെ പണം ഇത്തരത്തിൽ തട്ടിപ്പു സംഘം കവർന്നിട്ടുണ്ടെന്നാണ് സൂചന. സൈബർ സി.ഐ കെ. ജി. ഗോപകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

Content Highlights:online bank fraud case main accused arrested from bengaluru