പേരാവൂർ (കണ്ണൂർ): കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്.

രതീഷിനും രമ്യക്കും എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് പൊലീസ് കേസെടുത്തു. മർദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരേ കേസ്. കേസിൽ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള മകൾ അഞ്ജനയാണ് രതീഷിന്റെ ക്രൂര മർദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂർ ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയിൽ മർദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിശദ പരിശോധനക്ക് കുഞ്ഞിനെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.

മൂന്നാഴ്ച മുൻപാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. ഇരുവരും വിവാഹിതരല്ലെന്നും വിവരമുണ്ട്.

Content Highlights:one year old girl attacked in kannur her mother and step father in police custody