കണ്ണൂർ: കേളകത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ രണ്ടാംഭർത്താവായ പാലുകാച്ചി സ്വദേശി രതീഷ് വീട്ടിൽവെച്ച് കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്നവിവരം.

സംഭവത്തിൽ രതീഷിനെതിരേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights:one year old girl attacked by step father in kannur