കോയമ്പത്തൂര്‍: പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ മര്‍ദിക്കുകയും വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ അമ്മൂമ്മയെ പോലീസ് അറസ്റ്റുചെയ്തു. കോയമ്പത്തൂര്‍ ആര്‍.എസ്. പുരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് അറസ്റ്റുചെയ്തു. 

ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകള്‍ നന്ദിനിയുടെ രണ്ടാമത്തെ മകനായ ഒരുവയസ്സുള്ള ദുര്‍ഗേഷാണ് ശ്വാസംമുട്ടി മരിച്ചത്. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലില്‍ ഉറങ്ങുന്നത് കണ്ടിരുന്നു. രാത്രിയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. 

ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മര്‍ദിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. പോലീസ് ചോദ്യംചെയ്തതില്‍ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി അറിയിച്ചിരുന്നു. പിന്നീട് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. കുട്ടിക്ക് താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ച്ചയായ അസ്വസ്ഥത നാഗലക്ഷ്മി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഇത്തരത്തില്‍ കുട്ടി വായിലെന്തോ ഇട്ടതോടെ ക്ഷോഭത്തില്‍ ബിസ്‌കറ്റ് കവര്‍ കുട്ടിയുടെ വായില്‍ തിരുകി. പിന്നീട് തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തി ഇവര്‍ മറ്റുജോലികളിലേര്‍പ്പെട്ടു. വായില്‍ കുടുങ്ങിയ പേപ്പറാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

Content Highlights: one year old boy killed by grand mother in coimbatore tamilnadu