ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതിയിൽ മറ്റൊരു അധ്യാപകൻ കൂടി അറസ്റ്റിൽ. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സർക്കാർ-എയ്‌ഡഡ് സ്കൂളിലെ സയൻസ് അധ്യാപകനെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനികളുടെ മൊബൈൽ നമ്പർ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് നടപടി.

പഠനത്തിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകൻ വിദ്യാർഥിനികളുടെ മൊബൈൽ നമ്പർ വാങ്ങിച്ചിരുന്നത്. തുടർന്ന് വിദ്യാർഥിനികളെ നിരന്തരം ഫോണിൽ വിളിക്കുകയും മോശമായരീതിയിൽ സംസാരിക്കുകയും ചെയ്തെന്നാണ് ആരോപണം. സ്പെഷ്യൽ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. ആരെങ്കിലും ഇത് നിരസിച്ചാൽ മാർക്ക് കുറയ്ക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ അധ്യാപകൻ ഒരു വിദ്യാർഥിനിയെ വീട്ടിലേക്ക് വരാൻ നിർബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണുയർന്നത്.

നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാർഥിനികൾ ആദ്യം പരാതി ഉന്നയിച്ചിരുന്നത്. പിന്നീട് നഗരത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥിനികളും പൂർവവിദ്യാർഥിനികളും അധ്യാപകർക്കെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തി. ഇതുവരെ അധ്യാപകരടക്കം ആറുപേരെയാണ് വിദ്യാർഥിനികളുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥികളിൽനിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖയും സംസ്ഥാന സർക്കാർ പുറത്തിറക്കിയിരുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള നിർദേശങ്ങൾ സ്കൂളുകൾ കർശനമായി പാലിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം. ഓൺലൈൻ ക്ലാസുകളിൽ അധ്യാപകരും വിദ്യാർഥികളും മാന്യമായി വസ്ത്രം ധരിക്കണമെന്നും മാർഗരേഖയിൽ പറഞ്ഞിരുന്നു.

Content Highlights:one more school teacher arrested in tamilnadu in sexual harassment complaint