മുംബൈ: സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ച എം.എസ്.ആർ.ടി.സി(മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) യിലെ ജീവനക്കാരൻ സർക്കാരിനെ കുറ്റപ്പെടുത്തി കുറിപ്പ് എഴുതിവെച്ച് ആത്മഹത്യചെയ്തു.

ജൽഗാവ് ഡിപ്പോയിലെ കണ്ടക്ടറായ മനോജ് അനിൽചൗധരി (30) യെയാണ് ഫാനിൽതൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

മരണത്തിന് ഉത്തരവാദി സർക്കാരാണെന്നാണ് കുറിപ്പിലെഴുതിയതെന്ന് പോലീസ് പറഞ്ഞു. ശമ്പളം തുടർച്ചയായി മുടങ്ങിയതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മനോജിന്റെ വീട്ടുകാർ പറഞ്ഞു.

മറ്റൊരു ജീവനക്കാരനായ രത്നഗിരി ഡിപ്പോയിലെ പാണ്ഡുരംഗ് ഗഡെയെയും ഫാനിൽകെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇയാളിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.

രണ്ട് ജീവനക്കാർ പന്ത്രണ്ട് മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചതോടെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായി.

ജീവനക്കാർക്ക് നവംബറിലെ ശമ്പളവും അതിനുമുമ്പുള്ള രണ്ടുമാസങ്ങളിലെ കുടിശ്ശികയും ദീപാവലിക്കുമുമ്പ് നൽകുമെന്ന് ഗതാഗതമന്ത്രി അനിൽ പരബ് അറിയിച്ചു.

ഓഗസ്റ്റിൽ അമോൽ മാലി എന്ന ജീവനക്കാരനും ജീവനൊടുക്കിയിരുന്നു.

കോവിഡിനെ തുടർന്ന് സർവീസ് നിലച്ചതോടെ എം.എസ്.ആർ.ടി.സി. സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുകയായിരുന്നു. 5,500 കോടിയാണ് കോർപ്പറേഷന്റെ നഷ്ടം. 98,000 ജീവനക്കാരാണ് എം.എസ്.ആർ.ടി.സി.ക്കുള്ളത്.

ജീവനക്കാരുടെ വേതനത്തിനും മറ്റ് ആനുകുല്യങ്ങൾക്കുമായി 3,600 കോടി രൂപ അനുവദിക്കണമെന്ന് കോർപ്പറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:one more msrtc employee commits suicide