ആലുവ: ആന്ധ്രപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുടെ ഇടനിലക്കാരന്‍ പിടിയില്‍. തിരുവനന്തപുരം പാളയം സായി സദനില്‍ ജിജേന്ദ്രനെ (അലക്‌സ് 31)യാണ്  പോലീസ് പിടികൂടിയത്.  

കഞ്ചാവ് കൃഷിചെയ്യുന്ന ആന്ധ്രയിലെ പഡേരു മേഖലയില്‍ വന്‍ സ്വാധീനമുള്ളയാളാണ് അലക്‌സ്. കഞ്ചാവിനായി ആന്ധ്രയില്‍ എത്തുന്നവര്‍ ഇയാളെയാണ് സമീപിക്കുന്നത്. സാമ്പിള്‍ കാണിച്ച് വില ഉറപ്പിച്ച ശേഷം കേരളത്തില്‍ നിന്നെത്തിയവരുടെ വാഹനവുമായി ഉള്‍പ്രദേശത്തു പോയി കഞ്ചാവ് പാക്ക് ചെയ്തു കൊണ്ടുവന്ന് സംഘത്തിന് വാഹനം കൈമാറുകയാണ് പതിവ്. കേരളത്തിലേക്ക് ടണ്‍ കണക്കിന് കഞ്ചാവാണ് ഇത്തരത്തില്‍ കൈമാറിയിട്ടുള്ളത്. 

കഴിഞ്ഞ നവംബറില്‍ എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍നിന്ന് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അലക്‌സിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിക്കാനിരിക്കെയാണ്  കേരളത്തിലുണ്ടെന്ന് വിവരം ലഭിച്ചത്. കേരളത്തിലെത്തിയാല്‍ അലക്‌സ് വീട്ടില്‍ താമസിക്കാറില്ല. ഓരോ തവണയും ഹെയര്‍സ്‌റ്റൈലും മറ്റും മാറ്റുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഒടുവില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ട ഓപ്പറേഷനൊടുവിലാണ് തിരുവനന്തപുരത്തെ പൂജപ്പുരയില്‍നിന്ന് അലക്‌സിനെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമമിച്ചു. പിന്നീട് സാഹസികമായാണ് കീഴടക്കിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. 

സി.ഐ എം.സുരേന്ദ്രന്‍, എസ്.ഐ ടി.എം. സൂഫി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിമ്മോന്‍ ജോര്‍ജ്, പി.ശ്യാംകുമാര്‍, പി.എന്‍ രതീശന്‍ എന്നിവരാണ് പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്. അടുത്തിടെ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി ഉള്‍പ്പടെ പത്ത് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

Content Highlights: one more arrested in ganja smuggling