ചാലക്കുടി: മിസ്ഡ് കോളില്‍ തിരിച്ചുവിളിച്ചപ്പോള്‍ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികൂടി അറസ്റ്റിലായി. പാലക്കാട് മംഗലംഡാം പാണ്ടാങ്കോട് സ്വദേശി ചിരണ്ടായത്ത് ജീവിന്‍(29)ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്. വയനാട് കേണിച്ചിറ സ്വദേശി രജീഷാണ് നേരത്തെ അറസ്റ്റിലായത്. ജീവിനും രജീഷും സൃഹൃത്തുക്കളാണ്.

പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിവിന്‍ പിടിയിലാവുന്നത്. കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണ്‍, പ്രത്യേകാന്വേഷണ സംഘത്തിലെ എസ്.ഐ. മാരായ ടി.സി. ജോഷി, ജിനുമോന്‍ തച്ചേത്ത്, എ.എസ്.ഐ. മാരായ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ,സീനിയര്‍ സി.പി.ഒ.മാരായ വി.യു.സില്‍ജോ,എ.യു.റെജി,എം.ജെ. ബിനു,ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ജീവിന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്ന അന്വേഷണ സംഘാംഗങ്ങള്‍ ഇയാള്‍ വീട്ടിലെത്തിയതായി മനസ്സിലാക്കി വീടിനു സമീപത്തു നിന്ന് തന്ത്രപരമായി പിടികൂടുകയായിരുന്നു.