കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരു പ്രതിയെ കൂടി എൻ.ഐ.എ. അറസ്റ്റ് ചെയ്തു. സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനായ ഫൈസൽ ഫരീദിന്റെ സഹായി മൻസൂർ അഹമ്മദിനെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്.

ദുബായിൽ ചെക്ക് കേസിൽ പിടിയിലായ മൻസൂർ അഹമ്മദിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. തുടർന്ന് ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മൻസൂറിനെ എൻ.ഐ.എ. സംഘം അറസ്റ്റ് ചെയ്തു. ഇതിനുശേഷം കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇന്നുതന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

സ്വർണക്കടത്തിൽ ഫൈസൽ ഫരീദിന് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നത് മൻസൂർ അഹമ്മദാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിനെത്തുടർന്നാണ് ഇയാളെയും കേസിൽ പ്രതിചേർത്തത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ ഫൈസൽ ഫരീദ് ഇപ്പോഴും ദുബായിയിലാണ്‌. ഇയാളെ നാട്ടിലെത്തിക്കാൻ ഇതുവരെ എൻ.ഐ.എയ്ക്ക് കഴിഞ്ഞിട്ടില്ല.

Content Highlights:one more accused arrested in gold smuggling case