എഴുകോൺ(കൊല്ലം) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ മുഖ്യപ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ. എഴുകോൺ പോച്ചക്കോണം തെങ്ങഴികത്ത് വീട്ടിൽ ആദർശ് (പൊറിഞ്ചു-21) ആണ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി.രവി അറിയിച്ചു.

ഈ വർഷം ജനുവരിയിൽ പൂയപ്പള്ളി സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി ബോധ്യപ്പെട്ടത്.

അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പ്രതിയെ എഴുകോൺ പ്രദേശങ്ങളിൽ കണ്ടതായി റൂറൽ എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഡിവൈ.എസ്.പി. ആർ.അശോക് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശിവശങ്കരപ്പിള്ള, അജയകുമാർ, രാധാകൃഷ്ണപിള്ള, ക്രൈംബ്രാഞ്ച് എസ്.സി.പി.ഒ. ബിനു എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.