കൊരട്ടി: വീടിന് പിറകില്‍ വ്യാജ ചാരായക്കുപ്പികള്‍ കുഴിച്ചിട്ട് അയല്‍വാസിയെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒരാള്‍കൂടി പിടിയില്‍. പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണ(26)നെയാണ് എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ പള്ളത്ത് വീട്ടില്‍ രാജേഷി(41)നെ നേരത്തേ പിടികൂടിയിരുന്നു. ഏപ്രിലിലാണ് സംഭവം. പൊതുവഴി കൈയേറി രാജേഷ് സ്വന്തം പറമ്പിലേക്ക് കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചത് അയല്‍വാസിയും കെ.എസ്.ഇ.ബി. ജീവനക്കാരനുമായിരുന്ന സതീഷ് ചോദ്യം ചെയ്യുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതോടെ പാലം പൊളിക്കേണ്ടിവന്ന വൈരാഗ്യത്തില്‍ സതീഷിന്റെ പണിനടക്കുന്ന വീട്ടില്‍ അഞ്ച് ലിറ്റര്‍ ചാരായം കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് ജിഷ്ണുവിനെക്കൊണ്ട് വിവരം പോലീസില്‍ വിളിച്ചറിയിച്ചു.

സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവന്നത്. രാജേഷിനെ പിടികൂടിയതോടെ ജിഷ്ണു ഒളിവില്‍ പോകുകയായിരുന്നു. വെള്ളിക്കുളങ്ങരയിലുള്ള ഭാര്യവീട്ടില്‍ എത്തി മടങ്ങുന്നതിനിടെയാണ് ജിഷ്ണുവിനെ പോലീസ് പിടികൂടിയത്.

അന്വേഷണസംഘത്തില്‍ എ.എസ്.ഐ. എം.വി. സെബി, സീനിയര്‍ സി.പി.ഒ.മാരായ സജീഷ് കുമാര്‍, വി.ആര്‍.രഞ്ജിത്ത്, ജിബിന്‍ വര്‍ഗീസ്, സജി വയലാര്‍ എന്നിവരും ഉണ്ടായിരുന്നു.