കണ്ണൂര്‍: ആലപ്പുഴ സ്വദേശിനിയെ കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശി ഷാഹിദിനെ (21) എടക്കാട് പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കേസിലെ മറ്റൊരു പ്രതിയായ പൊതുവാച്ചേരി സ്വദേശി മുനീര്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു.

അമ്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ ബെംഗളൂരുവില്‍നിന്നാണ് പ്രതികള്‍ കൊണ്ടുവന്നത്. തങ്ങള്‍ സുഹൃത്തുക്കളാണെന്നും ബെംഗളൂരുവില്‍നിന്നാണ് പരിചയപ്പെട്ടതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ബുധനാഴ്ച പുലര്‍ച്ചേ തന്നടയിലായിരുന്നു പീഡനശ്രമം. തുടര്‍ന്ന് യുവതി ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. എടക്കാട് എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.