മരട്: വിവാഹ ചടങ്ങിനിടെ മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു ദിവസത്തിനു ശേഷം ഒരാള്‍ അറസ്റ്റില്‍.

നെട്ടൂര്‍ വെളിപറമ്പില്‍ അബ്ദുവിന്റെ മകന്‍ അഫ്‌സലിനെ (23) യാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂര്‍ സ്വദേശി റഫീഖിനായിരുന്നു കുത്തേറ്റത്. ഭാര്യയ്ക്കും മകള്‍ക്കും മുന്നിലിട്ടാണ് റഫീഖിനെ ക്രൂരമായി മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കേസില്‍ അഞ്ചുപേരാണ് പ്രതികള്‍. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും സംഭവം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും ഒരാളെപ്പോലും പിടികൂടാന്‍ പോലീസിനു കഴിയാത്തത് വന്‍ പ്രതിഷേധം ഉയരാന്‍ കാരണമായിരുന്നു. 

ഇതിനു തൊട്ടുപിന്നാലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെയും അക്രമം നടന്നു. ഞായറാഴ്ച വെളുപ്പിനാണ് ഉത്തരേന്ത്യക്കാരായ രണ്ടു പേരെ റോഡില്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. രണ്ടു പേരെയും മര്‍ദിക്കുകയും ചെയ്തു. മുഖത്തും തലയിലും മുറിവേറ്റ ഇരുവരും അശുപത്രിയില്‍ ചികില്‍സ തേടി. അക്രമികളുടെ പേരുസഹിതം പനങ്ങാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇവരെ പിടികൂടാന്‍ പോലീസ് തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വരെ പോലീസിന് കൈമാറിയിരുന്നു. സമീപ പ്രദേശങ്ങളിലെ ലഹരി വില്‍പ്പന സംഘങ്ങളാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് ആരോപണം.

നെട്ടൂരില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക വിരുദ്ധ അക്രമങ്ങള്‍ക്കെതിരേ പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നാട്ടുകാര്‍ തിങ്കളാഴ്ച വൈകീട്ട് മഹല്ല് ഓഡിറ്റോറിയത്തിനു മുന്നില്‍ നിന്നും പ്രതിഷേധ ജാഥ നടത്തി.

ധന്യ ജങ്ഷനില്‍ പ്രതിഷേധയോഗവും നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പോലീസിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി തുടര്‍പ്രതിഷേധങ്ങള്‍ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.