ന്യൂഡൽഹി: ഡൽഹിയിലെ സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തിൽ ഗുസ്തി താരം കൊല്ലപ്പെട്ട കേസിൽ ഒളിംപിക് മെഡൽ ജേതാവ് സുശീൽകുമാർ അടക്കമുള്ളവർക്കെതിരേ കേസ്. കൊലപാതകക്കുറ്റം അടക്കം ചുമത്തിയാണ് ഡൽഹി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സാഗർ(23) എന്ന ഗുസ്തി താരമാണ് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിനുള്ളിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അമിത്‌കുമാർ, സോനു എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവസമയത്ത് സുശീൽകുമാറും സ്ഥലത്തുണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സ്റ്റേഡിയത്തിലെ പാർക്കിങ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. സ്റ്റേഡിയത്തിനുള്ളിൽനിന്ന് വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്നാണ് മോഡൽ ടൗൺ പോലീസ് സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് പരിക്കേറ്റവരെ കണ്ടെത്തുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ സാഗർ മരണത്തിന് കീഴടങ്ങി.

സുശീൽകുമാർ, അജയ്, സോനു, സാഗർ, അമിത് എന്നിവർ തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവയിൽ സ്കോർപിയോ കാറിൽനിന്ന് ഒരു ഡബിൾ ബാരൽ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്ന് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മരക്കഷണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസ് ദലാൽ എന്ന യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. തോക്ക് സഹിതമാണ് ഇയാൾ പിടിയിലായതെന്നാണ് റിപ്പോർട്ട്. കേസിൽ പ്രതികളായ മറ്റുള്ളവരെ കണ്ടെത്താൻ വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, വസ്തുതർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് ചില ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കൊല്ലപ്പെട്ടയാളെയും പരിക്കേറ്റവരെയും അക്രമികൾ സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുപോയി മർദിക്കുകയാണ് ചെയ്തതെന്നും സുശീൽകുമാർ ഈ സമയം അവിടെ ഉണ്ടായിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ സുശീൽകുമാറിനുള്ള പങ്ക് അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സുശീൽകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ലെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

Content Highlights:Olympic medalist sushilkumar named in fir of delhi murder case