തിരുവല്ലം: വണ്ടിത്തടത്ത് വീട്ടില്‍ വയോധികയായ ചാന്‍ബീവിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ. വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പ് തോട്ടിയും മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതിയെ വേഗം കുടുക്കാനായത്. ചാന്‍ബീവി കൊല്ലപ്പെട്ട ദിവസം വീടിന്റെ മുന്‍വാതിലിന്റെ കുറ്റിയിട്ടിട്ടില്ലായിരുന്നു. സാധാരണ വീടിന്റെ വാതില്‍ കുറ്റിയിട്ടശേഷമാണ് ചാന്‍ബീവി വീടിനുള്ളിലിരിക്കാറ്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കുന്നത് സമീപവാസിയും പ്രതിയുടെ അമ്മൂമ്മയുമായ രാധയാണ്. വീട്ടില്‍ ആരെങ്കിലും വന്നാല്‍ ആളെ തിരിച്ചറിഞ്ഞതിനു ശേഷമേ ചാന്‍ബീവി കതകിന്റെ കുറ്റിയെടുത്ത് വാതില്‍ തുറക്കാറുള്ളു. സംഭവദിവസം വീടിന്റെ വാതിലിന്റെ കുറ്റിയെടുത്ത നിലയിലായിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന ശാസ്ത്രീയ പരിശോധന പോലീസ് നടത്തിയിരുന്നു.
ചാന്‍ബീവി കൊല്ലപ്പെട്ട ദിവസം വീടിന്റെ പരിസരത്തുണ്ടായിരുന്ന ഇരുമ്പ് തോട്ടി അന്വേഷണ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ആര്‍.പ്രതാപന്‍ നായരുടെ ശ്രദ്ധയില്‍പ്പെട്ടു. തൊട്ടടുത്ത ദിവസം സംഘാംഗങ്ങള്‍ക്കൊപ്പം സമീപത്തെ ജനാലവഴി തോട്ടിയുപയോഗിച്ച് കതകിന്റെ കുറ്റിയെടുക്കാനാകുമെന്ന് പരിശോധിച്ചിരുന്നു. ഈ ട്രയലില്‍ തോട്ടിയുപയോഗിച്ചാണ് കതകിന്റെ കുറ്റിതുറന്നതെന്ന് അന്വേഷണസംഘം തീര്‍ച്ചപ്പെടുത്തി.
ഇതിന്റെ ചുവടുപിടിച്ചും സമീപവാസികളുടെ ഫോണ്‍ വിളികളും പരിശോധിച്ചതില്‍ അലക്സിന്റെ ഫോണ്‍ പരിധി സംഭവദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാന്‍ബീവിയുടെ പരിസരത്തുണ്ടായിരുന്നതായി സൈബര്‍ സെല്‍ വിഭാഗം കണ്ടെത്തി.
കൂടാതെ ചാന്‍ബീവിയുടെ വീട്ടില്‍നിന്ന് പലഘട്ടങ്ങളായി അലക്സ് ഗോപന്‍ പണം കവര്‍ന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അലക്സ് ഗോപന്‍ സഞ്ചരിച്ചിരുന്ന വഴികളിലുള്ള ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുടുക്കാനായത്.
അലക്‌സ് ഗോപന്‍ അറസ്റ്റില്‍
കല്ലിയൂര്‍ പഞ്ചായത്തിലെ വണ്ടിത്തടത്ത് വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായ സ്ത്രീയുടെ ചെറുമകന്‍ അറസ്റ്റില്‍. യക്ഷിയമ്മന്‍ ക്ഷേത്രത്തിനു സമീപം ദാറുല്‍സലാം വീട്ടില്‍ ചാന്‍ബീവി(78)യെ ചുമരില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സമീപവാസിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ അലക്സ് ഗോപ(20)നെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാന്‍ബീവിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആഭരണങ്ങള്‍ മോഷണംപോയ നിലയിലുമായിരുന്നു. പോലീസ് അന്വേഷണത്തിലാണ് അലക്‌സ് ഗോപന്‍ ചൊവ്വാഴ്ച അറസ്റ്റിലായത്.
ആഡംബര ജീവിതം നയിക്കുന്നതിനായാണ് കൊലപാതകം നടത്തിയത്. മുന്‍പും ഇതേവീട്ടില്‍ നിന്നും 65,000 രൂപയ്ക്കടുത്ത് ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ചാന്‍ബീവിയെ വീടിനുള്ളിലെ കിടപ്പുമുറിക്കടുത്തുള്ള ഡൈനിങ് ഹാളിനു സമീപമാണ് മരിച്ചനിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്ത്. ചാന്‍ബീവിയുടെ കൈകളിലും കഴുത്തിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ കാണുന്നില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. തലയുടെ പിന്‍ഭാഗത്തുണ്ടായിരുന്ന ചതവിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. കൂടാതെ ഇവരുടെ രണ്ടുകൈകളിലുണ്ടായിരുന്ന വളകള്‍ ഊരിമാറ്റിയപ്പോള്‍ ആ ഭാഗങ്ങളില്‍ നീലിച്ച പാടുകളുമുണ്ടായിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തി പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാനായത്.
അലക്സില്‍നിന്ന് ഒരു പവന്‍ വീതം തൂക്കമുള്ള രണ്ട് സ്വര്‍ണവളകളില്‍ ഒരെണ്ണവും രണ്ടരപ്പവന്റെ മാല കവര്‍ന്നശേഷം പണയംവെച്ചെടുത്ത ഒരുലക്ഷം രൂപയും കണ്ടെടുത്തു. ഇയാളുടെ വീടിനടുത്തുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററിന്റെ രണ്ടാം നിലയിലെ ചുമരിനിടയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഒരു വളകൂടി കണ്ടെത്താനുണ്ട്. അലക്സിനെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.
Content Highlights: old woman killed in thiruvallam thiruvananthapuram