കണ്ണൂര്‍: കവര്‍ച്ചയ്ക്കിടെ, തനിച്ച് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതി പിടിയില്‍. വാരം ചതുരക്കിണറിന് സമീപം താമസിച്ചിരുന്ന പി.കെ. ആയിഷ (74) കൊല്ലപ്പെട്ട കേസില്‍ അസം സ്വദേശി മഹിബുള്‍ ഹക്ക് (24) ആണ് പിടിയിലായത്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടപ്പോള്‍, അസമിലെ ബാര്‍പ്പേട്ടയില്‍വെച്ചാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണവും ഇയാളില്‍നിന്ന് കണ്ടുകിട്ടി. വിമാനമാര്‍ഗം 13-ന് കണ്ണൂരില്‍ കൊണ്ടുവന്ന പ്രതിയെ കണ്ണൂര്‍ സി.ജെ.എം. കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ അസംസ്വദേശി നസറുള്‍കൂടി പിടിയിലാവാനുണ്ട്.

സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെ 4.15-നാണ് ആയിഷ ആക്രമിക്കപ്പെട്ടത്. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് പ്രതികള്‍ മനസ്സിലാക്കിയിരുന്നു. തൊട്ടടുത്ത വീട്ടിലും ആയിഷയുടെ വീട്ടിലും പ്രതികള്‍ ജോലിചെയ്തിരുന്നു.

പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ പൈപ്പ് തുറന്നിട്ടും വെള്ളം വരാത്തതിനെത്തുടര്‍ന്ന് മോട്ടോര്‍ ഓണാക്കി. ടാങ്ക് കവിഞ്ഞ് മറിഞ്ഞിട്ടും പൈപ്പില്‍നിന്ന് വെള്ളം കിട്ടിയില്ല. തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. ആയിഷയെ വീട്ടിന് പുറത്തെത്തിക്കാന്‍ ടാങ്കില്‍നിന്ന് പൈപ്പിലേക്കുള്ള വാള്‍വ് പ്രതികള്‍ അടച്ചിരുന്നു.

ആയിഷയുടെ ഇരുകാതുകളും നിറയെ ആഭരണങ്ങള്‍ (അലുക്കത്ത്) ഉണ്ടായിരുന്നു. ഇവര്‍ കാത് മുറിച്ച് ആഭരണം കൈക്കലാക്കുകയും ചെയ്തു. ബഹളം വെച്ചപ്പോള്‍ ആയിഷയെ ചവിട്ടിവീഴ്ത്തി. ബഹളം കേട്ട് അടുത്ത വീട്ടില്‍നിന്ന് ആള്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതികള്‍ ആഭരണങ്ങളുമായി രക്ഷപ്പെട്ടിരുന്നു.

നെഞ്ചിലേറ്റ ചവിട്ടില്‍ ഗുരുതരമായി പരിക്കേറ്റ ആയിഷ 29-ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഹിന്ദിക്കാരാണ് തന്നെ ആക്രമിച്ചതെന്ന് ആയിഷ പോലീസിന് മൊഴി നല്‍കിയിരുന്നു. ദൃക്‌സാക്ഷികളും കാര്യമായ തെളിവും ലഭിക്കാത്ത കേസായിട്ടും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രധാന പ്രതിയെ കണ്ടെത്താന്‍ സാധിച്ചത് കണ്ണൂര്‍ പോലീസിന് നേട്ടമായി.

അസി. കമ്മിഷണര്‍ പി.പി. സദാനന്ദന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.

പോലീസിന്റെ പഴുതടച്ച അന്വേഷണം 

കണ്ണൂര്‍: കാര്യമായ തെളിവുകളൊന്നും സംഭവസ്ഥലത്ത് ഇല്ലാതിരുന്നിട്ടും വാരത്തെ ആയിഷ കൊലക്കേസിലെ പ്രധാന പ്രതിയെ മൂന്നാഴ്ചയ്ക്കുള്ളില്‍ത്തന്നെ പിടികൂടാന്‍ സാധിച്ചത് പഴുതടച്ച അന്വേഷണത്തിലൂടെ. അസി. പോലീസ് കമ്മിഷണര്‍ പി.പി. സദാനന്ദന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ഇരുപതോളം പോലീസുദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ മഹിബുള്‍ ഹക്ക് അസമില്‍ ഒട്ടേറെ കവര്‍ച്ചക്കേസുകളിലെ പ്രതിയാണ്. അതില്‍ അവിടെ പിടിയിലാകാതിരിക്കാനാണ് കേരളത്തിലേക്ക് കടന്നതെന്ന് സംശയിക്കുന്നു. ഇവിടെ നിര്‍മാണത്തൊഴിലാളിയായിരുന്നു.

ആയിഷ ആക്രമിക്കപ്പെടുകയും കവര്‍ച്ചയ്ക്കിരയാവുകയും ചെയ്ത ദിവസം ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തിയിട്ടും ഒരു തെളിവും കിട്ടിയിരുന്നില്ല. തന്നെ ആക്രമിച്ചത് ഹിന്ദിക്കാരാണ് എന്ന ആയിഷയുടെ മൊഴി മാത്രമാണ് കേസിന്റെ തുമ്പ്. ആയിഷയുടെ നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിലെ ഇബ്രാഹിം ടോര്‍ച്ചുമായി ഓടിവന്നെങ്കിലും ആരെയും കണ്ടില്ല.

കമ്മിഷണറുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കുകയും അവരെ നാല് വിഭാഗങ്ങളാക്കുകയും ചെയ്തു. ഇരുന്നൂറോളം മറുനാടന്‍ തൊഴിലാളികളെ ചോദ്യംചെയ്തു. അന്‍പതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു.

ആയിഷയുടെ വീടിന് സമീപം പുതുതായി നിര്‍മിച്ച വീടിന് പണിയെടുത്ത രണ്ടുപേരെ, അവര്‍ മരിച്ച ദിവസംമുതല്‍ കാണാതായതായി വിവരം കിട്ടിയതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇവര്‍ കക്കാട്ടായിരുന്നു താമസം. അതിന് സമീപത്തുള്ള സി.സി.ടി.വി. പരിശോധിച്ചപ്പോള്‍, അര്‍ധരാത്രിക്കുശേഷം മെഹബുള്‍ ഹക്കും നസറുള്ളും പുറത്തേക്ക് ഇറങ്ങിപ്പോവുന്നതിന്റെ ദൃശ്യം കിട്ടി. പിറ്റേദിവസം അവര്‍ അവിടെയെത്തിയിട്ടില്ലെന്നും വ്യക്തമായതോടെ പ്രതികള്‍ ഇവര്‍ തന്നെയെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചു. അവിടെ താമസിക്കുന്നവരില്‍നിന്ന് ഇവരുടെ ഫോട്ടോയും മൊബൈല്‍ഫോണ്‍ നമ്പറും സംഘടിപ്പിച്ചു.

സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ ഈ നമ്പറുകളുള്ള ഫോണ്‍ അസമിലെത്തിയതായി വ്യക്തമായി. തുടര്‍ന്നാണ് ടൗണ്‍ എസ്.ഐ. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ തിരിച്ചറിയുന്ന രണ്ട് മറുനാടന്‍ തൊഴിലാളികള്‍ക്കൊപ്പം അസമിലേക്ക് പോയത്.

അവിടത്തെ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. കവര്‍ന്ന സ്വര്‍ണം രണ്ടുപേരും പങ്കുവെക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഹക്കിന്റെ കൈയിലുള്ള ആഭരണം വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. അത് പോലീസ് കണ്ടെടുത്തു.

നിരക്ഷരനെങ്കിലും അതിബുദ്ധിയുള്ള കുറ്റവാളിയാണ് പിടിയിലായ ഹക്കെന്ന് പോലീസ് പറഞ്ഞു. ആയിഷയുടെ വീട്ടില്‍ സി.സി.ടി.വി. ഇല്ലെന്ന് അയാള്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. കവര്‍ച്ച നടന്നതിന് തൊട്ടുമുമ്പുള്ള രണ്ടുദിവസവും അര്‍ധരാത്രിക്കുശേഷം പ്രതികള്‍ ഇവിടെയെത്തിയിരുന്നെങ്കിലും ലക്ഷ്യം നടന്നില്ല. ആയിഷയുടെ രണ്ട് കാതിലും നിറയെ ആഭരണങ്ങളുള്ളതും അവര്‍ ഒറ്റയ്ക്ക് താമസിക്കുന്നതും പുലര്‍ച്ചെ നിസ്‌കരിക്കാന്‍ എഴുന്നേല്‍ക്കുമെന്നതും പ്രതികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കണ്ണൂര്‍ ടൗണ്‍ എസ്.ഐ.മാരായ അനീഷ്, ഹാരീസ്, ഉണ്ണിക്കൃഷ്ണന്‍, യോഗേഷ്, എ.എസ്.ഐ.മാരായ രഞ്ജിത്ത്, അജയന്‍, സജിത്ത്, ബാബുപ്രസാദ്, നാസര്‍, ചക്കരക്കല്‍ അഡീ. എസ്.ഐ. രാജീവന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.