മലപ്പുറം: മങ്കട രാമപുരത്ത് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം ബ്ലോക്ക് പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുട്ടത്തിൽ ആയിഷ (70)യെ ആണ് വീട്ടിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആയിഷ പകൽ സ്വന്തം വീട്ടിൽ കഴിയുകയും രാത്രിയാകുമ്പോൾ മകന്റെ വീട്ടിലേക്ക് പോവുകയുമാണ് പതിവ്. പേരക്കുട്ടികൾ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്.

കഴിഞ്ഞ ദിവസവും രാത്രി 9.15 -ഓടുകൂടി പേരക്കുട്ടികളെത്തി. വീട്ടിൽ നിന്നും പ്രതികരണം ലഭിക്കാത്തതുകൊണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് ശൗചാലയത്തിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത് കാരണം മങ്കട പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights:old woman found dead in her home in mankada malappuram