ഇടുക്കി:  കട്ടപ്പനയില്‍ വയോധികയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ(60)യാണ് മരിച്ചത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, മോതിരം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം മോഷണത്തിനിടെയുള്ള കൊലപാതകമാകാമെന്നാണ് പോലീസിന്റെ സംശയം. 

ഇരുനില വീട്ടില്‍ ജോര്‍ജും ഭാര്യ ചിന്നമ്മയും മാത്രമാണ് താമസിച്ചിരുന്നത്. ജോര്‍ജ് വീടിന്റെ മുകള്‍നിലയിലും ഭാര്യ താഴത്തെനിലയിലുമാണ് കിടന്നിരുന്നത്. രാവിലെയാണ് ചിന്നമ്മയെ താഴത്തെനിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇവരുടെ ശരീരത്തില്‍ മുറിവുകളോ മറ്റുപാടുകളോ ഇല്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. 

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫൊറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താനാവൂ എന്നും പോലീസ് പറഞ്ഞു. 

Content Highlights: old woman found dead at her home in kattappana police suspect murder